ആശുപത്രി ജീവനക്കാരും രോ​ഗികളും തമ്മിലുള്ള തർക്കം ഫേസ്ബുക്ക് ലൈവിട്ട കേസ്; പ്രതിക്ക് ജാമ്യം

By Web TeamFirst Published Sep 24, 2019, 5:40 PM IST
Highlights

സംഭവത്തിൽ ഡ്യൂട്ടി ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് ഉളളിയേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി ഷൈജുവിനെ അറസ്റ്റ് ചെയ്തിരുന്നു. 

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികളും ആശുപത്രി അധികൃതരും തമ്മിലുള്ള തർക്കം ഫേസ്ബുക്ക് ലൈവിട്ടതിന് റിമാൻഡിലായ ഉള്ളിയേരി സ്വദേശി ഷൈജുവിന് ജാമ്യം ലഭിച്ചു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെ ജയിൽ മോചിതനായ ഷൈജുവിന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ജയിലിന് പുറത്ത് സ്വീകരണം നൽകി.

മകന് പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം എട്ടാം തീയ്യതിയാണ് ഷൈജുവും ഭാര്യയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. വൈകിട്ട് 3.40ഓടെ ഓപി ടിക്കെറ്റെടുത്ത് ക്യൂ നിൽക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ ചില രോഗികളെ ക്യൂവിൽ നിർത്താതെ കയറ്റി വിട്ടു. ഇത് ചോദ്യം ചെയ്ത രോ​ഗികൾ സെക്യൂരിറ്റി ജീവനക്കാരുമായി തർക്കത്തിലായി. ഈ സംഭവമാണ് ഷൈജു ഫേസ്ബുക്കിലൂടെ ലൈവിട്ടത്.

തുടർന്ന് ഡ്യൂട്ടി ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് ഉളളിയേരി പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി ഷൈജുവിനെ അറസ്റ്റ് ചെയ്തു. അതിക്രമിച്ച് കയറൽ, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, അനുമതി ഇല്ലാതെ വീഡിയോ പകർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ്   പൊലീസ് ഷൈജുവിനെ അറസ്റ്റ് ചെയ്തത്. 

click me!