വട്ടിയൂര്‍ക്കാവില്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യുന്നു; ബിജെപിയുടെ പരാതി

By Web TeamFirst Published Sep 24, 2019, 5:06 PM IST
Highlights

ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.  20ന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ബിജെപി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ വ്യാപകമായി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതായി ബിജെപിയുടെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് ബിജെപി പരാതി നല്‍കിയത്. ഒരു ബൂത്തിൽ 25 മുതൽ 40 വരെ വോട്ടർമാർക്ക് ഒഴിവാക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.  20ന് ശേഷം വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ പാടില്ലെന്ന നിർദ്ദേശം നിലനിൽക്കുമ്പോഴാണ് ഭരണസ്വാധീനം ഉപയോഗിച്ച് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നും ബിജെപി ആരോപിച്ചു.

ബിജെപി വട്ടിയൂർക്കാവ് നിയോജക മണ്ഡലം പ്രസിഡന്റ് എസ് ജയചന്ദ്രൻ, സംസ്ഥാന സമിതി അംഗം ആർ സന്ദീപ്‌ എന്നിവരാണ് പരാതി നൽകിയത്. സിപിഎം അനുഭാവികളായ ബിഎൽഒമാരാണ് ഇതിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.  മത്സരത്തിനില്ലെന്ന് അറിയിച്ചെങ്കിലും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി പരിഗണനാ പട്ടികയില്‍ കുമ്മനം രാജശേഖരന്‍റെ പേരും ബിജെപി കോര്‍ കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോര്‍ കമ്മിറ്റിക്ക് മുമ്പാകെ കുമ്മനം മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും പാര്‍ട്ടി ഇത് തള്ളിയെന്നാണ് പുറത്തുവരുന്ന സൂചനകള്‍. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്റ്റില്‍ ആദ്യപേരായി കുമ്മനത്തിന്‍റെ പേരാണ് കേന്ദ്ര കമ്മിറ്റിക്ക് അയക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. അന്തിമതീരുമാനം കേന്ദ്രനേതൃത്വത്തിന്‍റേതാകും. 

click me!