
മലപ്പുറം: പൊലീസ് സ്റ്റേഷനിലെ ഔദ്യോഗിക ഫോണ്‍ നമ്പറിലേക്ക് മാസങ്ങളായി തുടര്‍ച്ചയായി വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് മൈസൂരിലെത്തി പിടികൂടി. പാവിട്ടപ്പുറം ഒതളൂര്‍ സ്വദേശി പ്രേമരാജന്‍ (46) ആണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. രാത്രികാലങ്ങളിലടക്കം ഇടവിടാതെ സ്റ്റേഷനിലേക്ക് ഫോണ്‍ വിളിച്ച് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാക്കിയതോടെയാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയത്. തുടര്‍ച്ചയായ ഫോണ്‍വിളികള്‍ കാരണം സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തടസ്സമുണ്ടാകുന്ന സാഹചര്യമുണ്ടായതായി പൊലീസ് പറഞ്ഞു. പലപ്പോഴും മറ്റ് ജോലികള്‍ മാറ്റിവെച്ച് ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യേണ്ടിവന്നതോടെയാണ് സംഭവത്തെ ഗൗരവമായി കണ്ട് കേസെടുത്തത്.
ഫോണ്‍വിളികളുടെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തിലാണ് പ്രതി മൈസൂരില്‍ നിന്നാണ് വിളിക്കുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചങ്ങരംകുളം എസ്.ഐ ജിതിന്‍ വാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മൈസൂരിലെത്തി നടത്തിയ പരിശോധനയിലാണ് പ്രേമരാജനെ പിടികൂടിയത്. മൈസൂരിലെ ഒരു ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ മരപ്പണി ചെയ്തുവരികയായിരുന്നു ഇയാള്‍. ഫോണ്‍വിളികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇയാളുടെ ജോലി സ്ഥലത്തെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുക്കള്‍ നല്‍കിയ മറ്റൊരു കേസില്‍ പൊലീസ് പ്രേമരാജനെ കസ്റ്റഡിയിലെടുത്ത് താക്കീത് നല്‍കി വിട്ടയച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. അറസ്റ്റിന് ശേഷം പ്രതിയെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam