
പാലക്കാട്: ജില്ലയിൽ വീണ്ടും കൊവിഡ് നിരീക്ഷണത്തിലായിരുന്ന വ്യക്തി ചാടിപ്പോയി. പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ കൊവിഡ് നിരീക്ഷണത്തിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞയാളാണ് രക്ഷപ്പെട്ടത്.
ഇയാൾ കൊച്ചി കടവന്ത്ര സ്വദേശിയാണെന്നാണ് വിവരം. 46 വയസുണ്ട്. ഇന്ന് പുലർച്ചെ ഒന്നേ കാലോടെയാണ് ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നത്. മൂന്ന് ദിവസം മുൻപ് പഴനിയിൽ നിന്ന് തിരിച്ച് വരും വഴി പത്തിരിപ്പാലയിൽ വച്ചാണ് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റിയത്.
ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം. ഇദ്ദേഹത്തിന്റെ സ്രവം ശേഖരിച്ചിരുന്നു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരുടെ പരാതിയിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് തെരച്ചിൽ തുടങ്ങി.
ഈ മാസം അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവർ ചികിത്സയ്ക്ക് തയ്യാറാവാതെ ജില്ലയിൽ നിന്ന് മുങ്ങിയിരുന്നു. മധുര സ്വദേശിയായ ലോറിഡ്രൈവറാണ് പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്. ഇയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലത്തൂരിലേക്ക് ലോഡിറക്കാൻ വന്നതായിരുന്നു ഇയാൾ. വയറുവേദനയെ തുടർന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
കൊവിഡ് ലക്ഷണങ്ങൾ കണ്ടതോടെ, ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സ്രവപരിശോധനയും നടത്തി. ഫലംകിട്ടിയ ദിവസം രാത്രി തന്നെ ചികിത്സയ്ക്ക് തയ്യാറാവാതെ കടന്നുകളയുകയായിരുന്നു. ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അവസാനമെത്തിയത് വിശാഖപട്ടണത്താണെന്ന് മനസ്സിലായി. അവിടെ ചികിത്സ തേടിയോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam