
കേരള പൊലീസിന്‍റെ മൊബൈൽ ആപ്പിന് പൊൽ-ആപ്പ് എന്ന് പേരിട്ട് പൊല്ലാപ്പിലാക്കിയ ആൾ ഇങ്ങ് ദുബൈയിലുണ്ട്. പടച്ചുവിട്ട ട്രോൾ തന്നെ പൊലീസ് ഔദ്യോഗിക പേരായി സ്വീകരിച്ച സന്തോഷത്തിലാണ് 23 കാരനായ ശ്രീകാന്ത്.
പൊലീസിനെ പൊല്ലാപ്പിലാക്കിയതിന്‍റെ തലയെടുപ്പിലാണ് ശ്രീകാന്തെന്ന ചെറുപ്പക്കാരന്‍. ട്രോളിയും കാര്യം പറഞ്ഞും ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായ കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് പേജിലെ സ്ഥിരം സന്ദർശകന്‍. പോസ്റ്റുകൾക്ക് ലഭിക്കുന്ന കമൻറുകൾക്ക് ട്രോളായി തന്നെ പൊലീസ് റിപ്ലേ നൽകുന്നതാണ് ഈ വെഞ്ഞാറുമൂടുകാരനെ രസിപ്പിച്ചത്. അങ്ങനെയിരിക്കെ, പൊലീസ് തന്നെ ആപ്പിന് പേര് നിർദേശിക്കണമെന്ന പോസ്റ്റിട്ടപ്പോൾ തോന്നിയ പേരാണ് പൊൽ ആപ്.
വെറുമൊരു നേരംപോക്കിന് കമൻറിട്ട ശ്രീകാന്തിനെ തേടി പൊലീസ് പേജിൽനിന്ന് സന്ദേശമെത്തി. ഗൾഫിലാണെന്ന് പറഞ്ഞപ്പോൾ നാട്ടിലേക്ക് വരുന്നുണ്ടോയെന്നായി ചോദ്യം. മെസേജയച്ചത് പൊല്ലാപ്പായോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ്, താനിട്ട പേര് പൊലീസ് തെരഞ്ഞെടുത്ത സന്തോഷ വാര്‍ത്തയെത്തുന്നത്.
സൈബർഡോം മേധാവി എ.ഡി.ജി.പി മനോജ് എബ്രഹാം ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി മൊബൈൽ ആപും പുറത്തിറക്കിയതോടെ 'പൊൽ-ആപ്പ്' മാത്രമല്ല ശ്രീകാന്തും ഗള്‍ഫില്‍ ഹിറ്റായി. ജബൽഅലിയിലെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം ആറു വര്‍ഷം മുമ്പാണ് ദുബായിലെത്തിയത്. നേരിട്ട് പോയി പൊലീസിന്‍റെ സമ്മാനം സ്വീകരിക്കാൻ കഴിയാത്തതിൽ മാത്രമാണ് അൽപം നിരാശ. എങ്കിലും നാട്ടിൽ പോയാൽ ഫേസ്ബുക്ക് പേജിന് പിന്നിലെ പൊലീസ് ട്രോളർ മാരെ നേരിട്ടു കാണണമെന്ന ആഗ്രഹം മാത്രമേ ഈ ചെറുപ്പക്കാരനുള്ളൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam