
കണ്ണൂർ: വളപട്ടണം റെയിൽവേ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയയാളെ മത്സ്യ തൊഴിലാളി രക്ഷപ്പെടുത്തി. പുഴയിൽ ഒഴുകി നടക്കുകയായിരുന്നു യുവാവ്. ഇയാൾക്ക് മാനസിക പ്രയാസങ്ങളുള്ളതായി പൊലീസ് പറഞ്ഞു. കണ്ണൂർ അഴീക്കൽ കോസ്റ്റൽ പൊലീസും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വളപട്ടണം പാലത്തിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് പുഴയിൽ ഒഴുകി നടക്കുന്ന വിവരം അറിഞ്ഞാണ് കോസ്റ്റൽ പൊലീസ് ബോട്ടിൽ സ്ഥലത്തേക്ക് എത്തിയത്. ഈ സമയത്ത് പുഴയിൽ മീൻപിടിക്കുകയായിരുന്നു പ്രദേശവാസിയായ മത്സ്യത്തൊഴിലാളി. പൊലീസ് എത്തുന്നതിന് തൊട്ടുമുൻപ് ഇദ്ദേഹം ഇയാളുടെ അടുത്തേക്ക് എത്തി. പിന്നാലെ വലിച്ച് തൻ്റെ ചെറുവള്ളത്തിലേക്ക് കയറ്റുകയും ചെയ്തു.
പുഴയിലേക്ക് ചാടിയ സമയത്ത് കൈവശം ഉണ്ടായിരുന്ന ബാഗാണ് തന്നെ രക്ഷിച്ചതെന്നാണ് പിന്നീട് കരയിൽ എത്തിച്ചപ്പോൾ ഇയാൾ പൊലീസിനോട് പറഞ്ഞത്. ബാഗ് വെള്ളത്തിൽ മുങ്ങിയില്ലെന്നും ഇതിൽ പിടിച്ച് താൻ പുഴയിൽ മുങ്ങാതെ കിടന്നുവെന്നും ഇദ്ദേഹം പറഞ്ഞു. പൊലീസാണ് രക്ഷാദൗത്യത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയത്. വെള്ളച്ചിൽ ചാടിയ വ്യക്തിയുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്തിനാണ് ഇയാൾ പുഴയിലേക്ക് ചാടിയതെന്നും വ്യക്തമായിട്ടില്ല. കണ്ണൂർ ജില്ലയിലെ വളപട്ടണം പുഴ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുഴകളിലൊന്നാണ്. ശക്തമായ അടിയൊഴുക്കുള്ള പുഴയിൽ നിരവധി ചുഴികളുമുണ്ട്. പുഴയുടെ ഒത്ത നടുവിൽ നിന്നാണ് ഇയാളെ മത്സ്യത്തൊഴിലാളി രക്ഷിച്ചത്.