
കോഴിക്കോട്: മുക്കത്ത് യുവാവ് നടുറോട്ടിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോട്ടിലൂടെ നടന്നു പോകുന്ന സ്ത്രീയെയാണ് ചവിട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകൾ നടന്നു വരുമ്പോൾ വാക്ക് തർക്കം ഉണ്ടാകുന്നതും ഓടിവന്നു ചവിട്ടി വീഴ്ത്തുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ ഉള്ളത്.
തിരുവമ്പാടി കൂടരഞ്ഞി റോഡിലെ ബെവ്കോ ഔട്ട്ലെറ്റിന് മുന്നില്‍ ഇന്നലെ വൈകീട്ട് നാലുമണിയോടെയാണ് നാട്ടുകാരുടെ മുന്നില്‍ വെച്ച് ഈ അതിക്രമം നടന്നത്. തിരുവമ്പാടി സ്വദേശി ശിഹാബുദീനാണ് അക്രമം നടത്തിയത്. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന രണ്ട് യുവതികളോട് വഴിയില്‍ നില്‍ക്കുന്ന തിരുവമ്പാടി സ്വദേശി ഷിഹാബുദ്ദീന്‍ അസഭ്യം പറയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇതിന് പിന്നാലെ യുവതിയെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു. എണീറ്റുന്ന നില്‍ക്കുന്ന യുവതിയുടെ അടുത്തേക്ക് വീണ്ടും ആക്രോശിച്ച് ഇയാള്‍ എത്തുന്നതും ദൃശ്യങ്ങളില്‍ കാണാം.
മദ്യലഹരിയിലായിരുന്നു തിരുവമ്പാടി സ്വദേശി ഷിഹാബുദ്ദീന്‍ എന്ന് പൊലീസ് പറയുന്നു. ഒരു പണപ്പിരിവുമായി ബന്ധപ്പെട്ട് ആ ഭാഗത്തുകൂടെ നടന്നു പോവുകയായിരുന്നു യുവതികള്‍ എന്നാണ് വിവരം. ഇത്രയും വലിയ അതിക്രമം നടന്നിട്ടും നിസാര വകുപ്പുകള്‍ മാത്രം ചുമത്തിയാണ് തിരുവമ്പാടി പൊലീസ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്. മദ്യപിച്ചു പൊതുസ്ഥലത്ത് ശല്യം ഉണ്ടാക്കിയതിനാണ് കേസെടുത്തിരിക്കുന്നത്. പരാതിയും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല എന്നാണ് ചവിട്ടേറ്റ യുവതിയുടെ നിലപാടെന്നാണ് തിരുവമ്പാടി പൊലീസിന്റെ വിശദീകരണം.