എറണാകുളം കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം

Published : Dec 16, 2024, 09:35 PM ISTUpdated : Dec 16, 2024, 10:18 PM IST
എറണാകുളം കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു; സ്ഥലത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം

Synopsis

കുട്ടമ്പുഴ ക്‌ണാച്ചേരി സ്വദേശിയായ യുവാവിനെ ആന ചവിട്ടിക്കൊന്ന നിലയിൽ റോ‍ഡരികിൽ കണ്ടെത്തി

കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡ‍രികിൽ കണ്ടെത്തുകയായിരുന്നു. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഇന്ന് ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു. എൽദോസിനൊപ്പമുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. ഇതിന് ശേഷം ഇതുവഴി വന്നവരാണ് റോഡരികിൽ കാട്ടാനയുടെ ആക്രമണത്തിൽ ചിതറിപ്പോയ മൃതദേഹം കണ്ടെത്തിയത്.

ഒരു വർഷം മുൻപ് ഇവിടെ സമാനമായി ഒരു മരണം നടന്നിരുന്നു. അന്നും കാട്ടാനയുടെ ആക്രമണത്തിലാണ് പ്രദേശവാസി കൊല്ലപ്പെട്ടത്. നാട്ടുകാർ പ്രതിഷേധിച്ചതിനെ തുട‍ർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വാഗ്ദാനങ്ങൾ നൽകിയ ശേഷം അന്ന് മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. എന്നാൽ ഇതിന് ശേഷവും സ്ഥലത്ത് ഒരു മാറ്റവും ഉണ്ടാകാത്തതാണ് വീണ്ടുമൊരു മരണം കൂടി ഉണ്ടാകാൻ കാരണമെന്ന് പ്രതിഷേധിക്കുന്ന നാട്ടുകാർ ആരോപിക്കുന്നു. സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് വ്യക്തമായ ഉറപ്പ് ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് നാട്ടുകാർ. 

PREV
Read more Articles on
click me!

Recommended Stories

മരണ കാരണം ആന്തരിക രക്തസ്രാവം; കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കാളിമുത്തുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി