
കൊല്ലം: കൊല്ലം പറവൂർ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. ശ്രീജു (46) എന്നയാളാണ് ഭാര്യ പ്രീത (39), മകൾ ശ്രീനന്ദ (14) എന്നിവരെ കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകൻ ശ്രീരാഗും (17) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജീവനൊടുക്കാൻ ശ്രമിച്ച ശ്രീജുവും ആശുപത്രിയിലാണ്. കടബാധ്യതയാണ് ഇത്തരമൊരു ക്രൂരകൃത്യത്തിലേക്ക് ശ്രീജുവിനെ നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച പ്രീത പൂതക്കുളം സഹകര ബാങ്കിലെ ആർ ഡി സ്റ്റാഫാണ്.
ഇന്ന് രാവിലെയാണ് പ്രീതയുടേയും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ശ്രീനന്ദയുടേയും മൃതദേഹം കിടപ്പുമുറിയിൽ ബന്ധുക്കൾ കണ്ടത്. അച്ഛൻ ശ്രീജുവിനേയും മകൻ പ്ലസ് ടു ഫലം കാത്തിരിക്കുന്ന മകൻ ശ്രീരാഗിനേയും അത്യാസന്ന നിലയിലും കണ്ടെത്തി. ഭാര്യയേയും മക്കളേയും വിഷം കൊടുത്ത ശേഷം കത്തിക്കൊണ്ട് കഴുത്തറുത്ത് കൃത്യം നടത്തിയെന്നാണ് നിഗമനം. കൈ ഞരമ്പ് മുറിച്ചാണ് ശ്രീജു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടെന്നും പ്രീതയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് ബന്ധുക്കളുടെ മൊഴി. ഒരു പ്രശ്നങ്ങളുമില്ലാതെ ജീവിച്ച കുടുംബത്തിൻ്റെ അവസ്ഥയിൽ ഞെട്ടലിലാണ് നാട്ടുകാർ. കൂലിപ്പണിക്കാരനായ ശ്രീജുവിന് വീടിനടുത്ത് രണ്ടു മുറി ടെക്സ്റ്റൈൽസുമുണ്ട്. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജൻ്റാണ് പ്രീത. ശ്രീജു തിരുവനന്തപുരം മെഡിക്കൽ കോളേജിലും ശ്രീരാഗ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും ചികിൽസയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam