
കട്ടപ്പന: ഇടുക്കി (Idukki) കട്ടപ്പനയിൽ (Kattappana) മധ്യവയസ്കനെ കാറിടിച്ചു കൊന്ന സംഭവത്തിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. പ്രകാശ് (Prakash) സ്വദേശി നിഖിൽ രാജാണ് പിടിയിൽ ആയത്. വഴിയാത്രകാരനായ കട്ടപ്പന വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പൊലീസിന് നൽകിയിരുന്നു.
ക്രിസ്മസ് തലേന്ന് രാത്രി രാത്രി ഒൻപതോടെ കട്ടപ്പന-വെള്ളയാംകുടി റൂട്ടിൽ റോഡരുകിലൂടെ നടന്നു പോയപ്പോഴാണ് അമിത വേഗത്തിലെത്തിയ കാർ കുഞ്ഞുമോനെ ഇടിച്ചു തെറിപ്പിച്ചത്. ഡിസംബർ 26 ന് പകൽ 11 നാണ് ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. ഇക്കാര്യം പോലീസിൽ അറിയിച്ചെങ്കിലും ആദ്യം കാര്യമായ അന്വേഷണം ഉണ്ടായില്ല.
അപകടത്തിന് മുമ്പ് ഇതേ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ഔട്ട്‌ലെറ്റിന് മുമ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ സിസിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കുഞ്ഞുമോനെ ഇടിച്ചത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. ബന്ധുക്കൾ ഇടുക്കി എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. വാഹനം കടന്ന് പോയ സ്ഥലങ്ങളിലെ 40 സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. കട്ടപ്പന സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam