
തൃശൂര്‍: ആനകള്‍ക്ക് പനമ്പട്ട വെട്ടാന്‍ പനയുടെ മുകളില്‍ കയറി അസ്വസ്ഥതയെ തുടര്‍ന്ന് തളര്‍ന്ന് കുടുങ്ങിപ്പോയ യുവാവിനെ കുന്നംകുളം അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. പോര്‍ക്കുളം മാങ്ങാട് പുളിഞ്ചോട് പ്രദേശത്ത് 60 അടി ഉയരമുള്ള പനയുടെ മുകളില്‍ കുടുങ്ങിയ വല്ലപ്പുഴ കൊപ്പം സ്വദേശി ഉണ്ണികൃഷ്ണനെ (43) യാണ് കുന്നംകുളം അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനക്കോട്ടയിലേക്കാണ് ഇയാള്‍ പനമ്പട്ട കൊണ്ടു പോകാനായി പനയില്‍ കയറിയത്.
പനയുടെ മുകളില്‍ പനമ്പട്ട വെട്ടുമ്പോള്‍ തളര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് പനയുടെ മുകളില്‍ കുടുങ്ങി. താഴെക്ക് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ യുവാവ് പനയുടെ മുകളില്‍ ഇരുന്നു. തുടര്‍ന്ന് കൂടെയുള്ളവര്‍ കുന്നംകുളം അഗ്‌നി രക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സേന സംഭവസ്ഥലത്തെത്തി റോപ്പിന്റെയും നെറ്റിന്റെയും സഹായത്താല്‍ ഉണ്ണികൃഷ്ണനെ സുരക്ഷിതമായി താഴെയിറക്കി ആശുപത്രിയിലെത്തിച്ചു.സ്റ്റേഷന്‍ ഓഫീസര്‍ വിജയകൃഷ്ണ, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബെന്നി മാത്യു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അന്‍വര്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് ജീവനക്കാരായ രഞ്ജിത്ത്, വിപിന്‍, ആദര്‍ശ്, ജിഷ്ണു, അമല്‍,ഇബ്രാഹിം, ശരത്ത്, ശരീഫ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam