
കല്‍പ്പറ്റ: വയനാട്ടിൽ ആദിവാസി വിഭാഗക്കാരായ റെസിഡന്‍ഷ്യല്‍ സ്കൂളിലെ വിദ്യാർത്ഥികളോട് ക്രൂരത. 127 പെണ്‍കുട്ടികള്‍ ജൂലൈ മുതല്‍ താമസിക്കുന്നത് സ്കൂളിലെ മൂന്ന് ക്ലാസുമുറികളില്‍. എല്ലാവർക്കും കൂടി ഉപയോഗിക്കാൻ ആകെ ഒറ്റ ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. മന്ത്രി ഒ ആർ കേളുവിന്‍റെ പഞ്ചായത്തായ തിരുനെല്ലിയിലാണ് മനുഷ്യത്വമില്ലാത്ത ഈ നടപടി. ഹോസ്റ്റല്‍ അപകടാവസ്ഥയിലായത് കൊണ്ടാണ് കുട്ടികളെ ക്ലാസ് മുറികളിലേക്ക് മാറ്റേണ്ടിവന്നതെന്നും സ്കൂള്‍ ആറളത്തേക്ക് മാറ്റാനുള്ള നടപടിയിലാണെന്നും സൂപ്രണ്ട് പറഞ്ഞു. 257 ആദിവാസി വിഭാഗക്കാരായ വിദ്യാർത്ഥികള്‍ താമസിച്ച് പഠിക്കുന്ന വയനാട്ടിലെ ഗവ. ആശ്രമം ഹൈസ്കൂളിലാണ് അധികൃതരുടെ കണ്ണില്‍ചോരയില്ലാത്ത ഈ ക്രൂരത. 127 വിദ്യാർത്ഥിനികളുള്ള ഹോസ്റ്റല്‍ കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴുമെന്ന നിലയിലായപ്പോഴാണ് ജൂലൈയില്‍ പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കിയത്. ഇതോടെ അധികൃതർക്ക് പെണ്‍കുട്ടികളെ സ്കൂളിലെ മൂന്ന് ക്ലാസ് മുറികളിലേക്കായി മാറ്റേണ്ടി വന്നു.
ഓരോ ചെറിയ ക്ലാസ് മുറികളിലും നാല്‍പ്പതോളം കുട്ടികള്‍ വീതം തിങ്ങി ഞെരുങ്ങി കഴിയേണ്ട സാഹചര്യമായി. ഈ 127 പേര്‍ക്കുമായി സ്കൂളില്‍ ആകെയുള്ളത് ഒറ്റ ശുചിമുറി മാത്രമാണ്. അതും സ്കൂളിലെ ജീവനക്കാരുടേതാണ്. ആറളം ഫാമിലെ കെട്ടിടത്തിലേക്ക് മാറ്റാൻ വളരെ മുൻപ് തന്നെ തീരുമാനിച്ച സ്കൂളായിരുന്നു ഇത്. എന്നാല്‍, ആറളത്ത് വൈദ്യുതി കണക്ഷൻ കിട്ടിയില്ലെന്ന കാരണം ഉന്നയിച്ച് സ്കൂളിലെ കുട്ടികളെ നിലവിലെ ദുരിത സാഹചര്യത്തില്‍ തന്നെ തുടരാൻ വിടുകയായിരുന്നു അധികൃതർ. അതേസമയം, ഇത്രയും കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ കെട്ടിടത്തിന് തൊട്ട് ചേർന്നാണ് അപകടവസ്താഥയിലുള്ള ഹോസ്റ്റല്‍ കെട്ടിടം. കുട്ടികള്‍ ഭക്ഷണം കഴിക്കുന്നത് ഈ കെട്ടിടത്തോട് ചേർന്നിരിക്കുന്ന മുറിയിലാണ്. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന്‍റെ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ സ്വന്തം പഞ്ചായത്തിലാണ് ആദിവാസി വിഭാഗക്കാർക്ക് ഈ ദുരിതം നേരിടേണ്ടി വരുന്നത്. ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയിലെന്ന പിഡബ്ലുഡി നോട്ടീസ് കിട്ടിയതിനാലാണ് കുട്ടികളെ ക്ലാസ് മുറികളില്‍ താമസിപ്പിക്കേണ്ടി വന്നതെന്നാണ് സീനിയർ സൂപ്രണ്ട് ജയൻ നാലുപുരക്കല്‍ പറയുന്നത്. കുട്ടികള്‍ ക്ലാസ് മുറികളില്‍ താമസിക്കുന്നതിനാല്‍ പഠന സൗകര്യവും പരിമിതമാണ്. സ്റ്റേജിലും കംബ്യൂട്ടർ ലാബിലും ലൈബ്രറിയിലുമായാണ് കുട്ടികള്‍ ഇപ്പോള്‍ പഠിക്കുന്നത്.