നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിക്ക് കൊവിഡില്ല

By Web TeamFirst Published Jul 4, 2020, 4:02 PM IST
Highlights

മെയ് 24 നാണ് ഷംസുദ്ധീന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. സംസ്‍കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

കണ്ണൂര്‍: ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് ഫലം നെഗറ്റീവ്. മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ധീനാണ് ഇന്ന് പരിയാരത്ത് മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണമായത്. മെയ് 24 നാണ് ഷംസുദ്ധീന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. സംസ്‍കാരം തലശ്ശേരി സ്റ്റേഡിയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. 

അതേസമയം എടപ്പാളിലെ രണ്ടു ആശുപത്രികളിലായി പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ ഫലം നെഗറ്റീവായി. ഒരു വയസുള്ള കുട്ടിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇനി ഫലം വരാനുള്ളത് മൂന്നു പേരുടേതാണ്. ഇവർക്ക് പൊസിറ്റീവെന്ന് സൂചനയുണ്ട്. ഇവരെ മൂന്നു പേരെയും ഇന്നലെ വൈകിട്ടോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അതേസമയം മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായി സമ്പർക്കം പുലര്‍ത്തിയെന്ന വിവരവും പുറത്തുവന്നു. ജൂൺ 18-ാം തിയതി ജമ്മുവിൽ നിന്നും വന്ന യുവാവ് ക്യാറന്‍റീന്‍ ലംഘിച്ച് നിരവധി കടകളിൽ കയറിയിരുന്നു. കട അടക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 

മലപ്പുറം ഊർങ്ങാട്ടിരിയിലും ക്വാറന്‍റീന്‍ ലംഘിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾക്കെതിരെ അരീക്കോട് പൊലീസ് കേസെടുത്തു. ജൂണ്‍ 16 ന് ബെംഗളൂരുവിൽ നിന്ന് എത്തിയ ഇയാൾക്ക് ജൂലൈ ഒന്നിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിശോധനാഫലം വരും മുമ്പ് ഇയാൾ ക്വാറന്‍റീന്‍ അവസാനിപ്പിക്കുക ആയിരുന്നു. ഇയാൾ ബന്ധുവീടുകൾ സന്ദർശിക്കുകയും ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ടിൽ പോവുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 24 പേരും സെക്കണ്ടറി കോണ്ടാക്ട് ലിസ്റ്റില്‍ 40 പേരുമാണുള്ളത്. സമ്പർക്കത്തിലുള്ള മുഴവൻ പേരും നിരീക്ഷണത്തിലേക്ക് മാറി. 

click me!