
കൊച്ചി: എറണാകുളം ജില്ലയിലെ എളംകുളത്ത് വീടിനകത്ത് ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ നേപ്പാളിൽ പിടിയിലായി. നേപ്പാൾ സ്വദേശിയായ ഭഗീരഥി ദാമിയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ചിരുന്ന പങ്കാളിക്കായി പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഇവരെ കുറിച്ച് നേപ്പാൾ പൊലീസിനും വിവരം നൽകിയിരുന്നു.
ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേപ്പാൾ പൊലീസാണ് പ്രതിയെ പിടികൂടിയത്. റാം ബഹദൂർ എന്നാണ് പ്രതിയുടെ പേര്. നാല് വർഷമായി ഭഗീരഥി ദാമിക്കൊപ്പം ഇയാൾ എളംകുളത്ത് താമസിച്ച് വരികയായിരുന്നു. ലക്ഷ്മിയെന്ന പേരിലാണ് കൊല്ലപ്പെട്ട ഭഗീരഥി ദാമി കഴിഞ്ഞിരുന്നത്.
ചിലവന്നൂരിൽ വാടക വീട്ടിനകത്താണ് ഭഗീരഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഒക്ടോബർ 24നായിരുന്നു ഇത്. പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹം. കൊച്ചിയിൽ ഒരു ഹെയർ ഫിക്സിങ് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ഇവർ.
വീട്ടിൽ കുറച്ച് ദിവസമായി ആളനക്കം ഒന്നും ഉണ്ടായിരുന്നില്ല. ഈയടുത്ത് വീട്ടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചതോടെ വീട്ടുടമ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മരിച്ചതാരെന്നും കൊലപ്പെടുത്തിയതാരെന്നും സംശയം ഉയർന്നു. ഇവരുടെ പക്കലുണ്ടായിരുന്ന എല്ലാ രേഖകളും വ്യാജമായിരുന്നുവെന്നതാണ് പൊലീസിനെ കുഴക്കിയത്. എന്നാൽ വളരെ വേഗത്തിൽ വിവരങ്ങൾ കണ്ടെത്താനും നേപ്പാൾ പൊലീസിനെ വിവരമറിയിക്കാനും കഴിഞ്ഞത് കൊച്ചി സിറ്റി പൊലീസിന് നേട്ടമായി.