
എറണാകുളം: കോതമംഗലത്ത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ചേരയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. നേര്യമംഗലം സ്വദേശി ബിജു വി.ജെയെയാണ് വനം വകുപ്പിന്റെ പിടിയിലായത്. ബിജുവിനെ കോതമംഗലം കോടതിയിൽ ഹാജരാക്കും.
വീട്ടുവളപ്പിൽ നിന്ന് പിടികൂടിയ ചേരയെ കൊന്ന് കറി വച്ച ശേഷം പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് തെറ്റദ്ധരിപ്പിച്ച് വിൽക്കാൻ ശ്രമിച്ചെന്നാണ് കേസ്. പാമ്പിന്റെ ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതായി കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പ് നഗരംപാറ, കോതമംഗലം റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് നേര്യമംഗലം വടക്കേപ്പറമ്പിൽ ബിജു വി.ജെ പിടിയിലായത്.
മദ്യപിക്കുന്നതിനായി പണം കണ്ടെത്താനാണ് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് ഇയാൾ ചേരയുടെ ഇറച്ചി വിൽക്കാൻ ശ്രമിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ബിജുവിന്റെ വീട്ടിൽ നിന്ന് പാമ്പിന്റെ കറിയും തല, വാൽ, തോൽ എന്നിവയും കണ്ടെടുത്തിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമപ്രകാരം ബിജുവിനെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും വനം വകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam