
കോട്ടയം: റെയിൽ പാളത്തിൽ കല്ലു നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ശ്രമിച്ചയാളെ റെയില്‍വെ പൊലീസ് പിടികൂടി. തമിഴ്നാട് പുതുക്കോട്ട സ്വദേശി നാഗരാജാണ് അറസ്റ്റിലായത്. കോട്ടയം സംക്രാന്തി കൊച്ചടിച്ചിറയിൽ തിങ്കളാഴ്ച്ച സംഭവം.
കോട്ടയം വഴി കടന്നു പോയ ഗരീബ് രഥ് എക്സ്പ്രസ് തിങ്കളാഴ്ച്ച വൈകീട്ട് സംക്രാന്തി കൊച്ചടിച്ചിറയ്ക് സമീപം പാളത്തിൽ നിരത്തിയ കല്ലിൽ തട്ടി ഉലഞ്ഞിരുന്നു. ഈ വിവരം ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷന്‍ മാസ്റ്ററെ അറിയിച്ചു. ഇതേതുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ തെരച്ചിലിലാണ് അട്ടിമറി ശ്രമം ബോധ്യമായത്.
പാളത്തിൽ ചെരുപ്പ് കയറ്റി വച്ച ശേഷം അതിന് മുകളിലാണ് നാഗരാജ് കല്ലുകൾ നിരത്തി വച്ചത്. സംഭവസ്ഥലത്തെത്തി കല്ലുകൾ നീക്കം ചെയ്ത റെയിൽവെ പോലീസ് തുടർന്നുള്ള അന്വേഷണത്തില്‍ നാഗരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംക്രാന്തിയിലെ ഒരു ഹോളോബ്രിക്സ് സ്ഥാപനത്തിലെ തൊഴിലാളിയാണ് ഇയാൾ.
ട്രെയിൻ യാത്രക്കാരുടെ ജീവൻ അപകടപ്പെടുത്താനും റെയിൽപാളത്തിൽ അതിക്രമിച്ച് കയറിയതിനും റെയിൽവെ ആക്ട് 153, 147 പ്രകാരമാണ് തങ്കരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ആറ് വർഷം വരെ തടവ് ശിക്ഷ ഇയാള്‍ക്ക് ലഭിക്കും. 2016-ലും പാളത്തിൽ കല്ല് നിരത്തി ട്രെയിൻ അപകടപ്പെടുത്താൻ ചങ്ങനാശേരിയിൽ നീക്കം നടന്നിരുന്നു. ഈ കേസില്‍ തമിഴ്നാട് സ്വദേശിയടക്കം രണ്ട് പേരെ കോടതി ശിക്ഷിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam