Latest Videos

മാനസ കൊലപാതകം; പിടിയിലായ ബിഹാർ സ്വദേശികളെ ഇന്ന് എറണാകുളത്തെത്തിക്കും, കൂടുതൽ പേരുടെ പങ്ക് അന്വേഷിച്ച് പൊലീസ്

By Web TeamFirst Published Aug 8, 2021, 6:40 AM IST
Highlights

ബീഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ  35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൊച്ചി: ദന്തൽ വിദ്യാർത്ഥിനി മാനസയെ കൊലപ്പെടുത്തിയ തോക്ക് വില്പന നടത്തിയ കേസിൽ അറസ്റ്റിൽ ആയ പ്രതികളെ ഇന്ന് എറണാകുളത്ത് എത്തിക്കും. ബിഹാർ സ്വദേശികൾ ആയ സോനു കുമാർ മോദി, മനീഷ് കുമാർ എന്നിവരാണ് കഴിഞ്ഞ ദിവസം കോതമംഗലം പൊലീസിന്‍റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ വിമാനമാര്‍ഗം നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന പ്രതികളെ നാളെയാണ് കോതമംഗലം ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രെറ്റിന് മുന്നിൽ ഹാജരാക്കുക.

ബീഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രത്യേക സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. തോക്കിനായി രഖിൽ  35,000 രൂപ നൽകിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.  രഖിലിന് ബീഹാറിലെത്തി തോക്ക് വാങ്ങാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലുള്ള പ്രതികളെ കൂടുതൽ ചോദ്യം ചെയ്താൽ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകും എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ‍ഡന്‍റൽ കോളജ് വിദ്യാർത്ഥിനിയായ മാനസയെ രാഖിൽ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രാഖിലും ആത്മഹത്യ ചെയ്തു.  ബെംഗലൂരുരിൽ എംബിഎ പഠിച്ച് ഇന്റീരിയർ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രാഖിൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!