പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ, ഒരു വർഷം മുന്നേ അകന്നു; തർക്കം പരിഹരിച്ചത് പൊലീസ്; പിന്തുടർന്ന് ക്രൂരത

Published : Jul 30, 2021, 07:24 PM ISTUpdated : Jul 30, 2021, 11:49 PM IST
പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാമിലൂടെ, ഒരു വർഷം മുന്നേ അകന്നു; തർക്കം പരിഹരിച്ചത് പൊലീസ്; പിന്തുടർന്ന് ക്രൂരത

Synopsis

കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

കൊച്ചി: കോതമംഗലത്ത് വെടിയേറ്റ് കൊല്ലപ്പെട്ട ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയും പ്രതി രാഖിലും തമ്മില്‍ മുമ്പും തര്‍ക്കും ഉണ്ടായിരുന്നതായി പൊലീസ്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും ഒരു വർഷം മുന്നേ അകന്നു. പൊലീസ് മധ്യസ്ഥതയിലാണ് തർക്കം പരിഹരിച്ചിരുന്നു. മാനസയെ നിഴൽ പോലെ പിന്തുടർന്നാണ് രാഖിലിന്‍റെ ക്രൂരതയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊലപാതകത്തിന് മുൻപ് പ്രതി നെല്ലിക്കുഴിയിൽ മുറി വാടകയ്ക്കെടുത്ത് താമസിച്ചിരുന്നെന്നും പൊലീസ് പറയുന്നു. ഇക്കാര്യം മനസയ്ക്ക് അറിയില്ലായിരുന്നു. പെൺകുട്ടി താമസിച്ച വീടിന് മുന്നിൽ ആയിരുന്നു പ്രതി മുറി വാടകയ്ക്ക് എടുത്തത്.

കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. ഇരുവരും ഇൻസ്റ്റാഗ്രാമിലൂടെയാണ് സുഹൃത്തുക്കളായത്. പിന്നീട് സൗഹൃദം തുടരാന്‍ താല്‍പര്യമില്ലെന്ന് മാനസ അറിയിച്ചതോടെ വാക്കേറ്റം അടക്കം ഉണ്ടായി എന്നാണ് വിവരം. പിന്നീട് മാനസയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. അന്ന് രാഖിലിന്‍റെ മാതാപിതാക്കളും ഇനി പ്രശ്നം ഉണ്ടാവില്ലെന്ന് ഉറപ്പ് നല്‍കിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാൾ തലശേരിയിൽ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയിൽ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.

മാനസ കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് ഇന്ന് രാഖിൽ എത്തിയത്. 'നീയെന്തിന് ഇവിടെ വന്നു?' എന്നായിരുന്നു രാഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്. ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രാഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.

PREV
click me!

Recommended Stories

ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ