മംഗളൂരുവിലെ പൊലീസ് കാടത്തം; വ്യാജവാർത്ത പ്രചരിപ്പിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ബിഎൽ സന്തോഷും

By Web TeamFirst Published Dec 20, 2019, 2:38 PM IST
Highlights
  • ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്
  • കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്കായി കൊണ്ടുപോയെന്നാണ് വിവരം

തിരുവനന്തപുരം: മംഗളൂരുവിൽ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ബിഎൽ സന്തോഷും. പത്ത് മലയാളി മാധ്യമ പ്രവര്‍ത്തകരെയാണ് രാവിടെ എട്ടരയോടെ കസ്റ്റഡിയിലെടുത്തത്. ആറ് മണിക്കൂറോളം പിന്നിടുമ്പോഴും ഇവരെ വിട്ടയക്കുകയോ, എവിടെയാണെന്ന് വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ ആയുധങ്ങളുമായി കേരളത്തിൽ നിന്നുള്ള 50 ഓളം വ്യാജ മാധ്യമപ്രവർത്തകർ പിടിയിലായെന്ന വാർത്തയാണ് കെ സുരേന്ദ്രനും ബിഎൽ സന്തോഷും പ്രചരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനും ക്യാമറാമാൻ പ്രതീഷ് കപ്പോത്തും അടക്കമുള്ളവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ജോലി ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അകാരണമായി കസ്റ്റഡിയിലെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി പറഞ്ഞ് മണിക്കൂറുകൾക്ക് ശേഷവും ഇവരുമായി ഫോണിൽ പോലും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

ഇതിനിടെ മംഗളൂരു പൊലീസിനെ ഉദ്ധരിച്ച് 50 വ്യാജ മാധ്യമപ്രവർത്തകർ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തിയെന്നും ഇവരെ ആയുധങ്ങളടക്കം പിടികൂടിയെന്നുമുള്ള വാർത്ത ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമായിരുന്നു. മാധ്യമപ്രവർത്തകരെ അക്രമികളെന്ന് ആക്ഷേപിച്ചും ആയുധങ്ങളുമായി എത്തിയെന്ന കള്ളപ്രചാരണവുമാണ് കെ സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റിലുള്ളത്.

"ആയുധങ്ങളുമായി കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരുടെ വേഷമണിഞ്ഞ അൻപതോളം അക്രമികളെ മംഗളുരു പൊലീസ് അറസ്റ്റു ചെയ്തു. ആയതിനാൽ ഒറിജിനൽ മാധ്യമപ്രവർത്തകരുടെ തിരിച്ചറിയൽ രേഖകൾ പൊലീസ് പരിശോധിച്ചു. മല്ലു ജഡ്ജസ് പ്ളീസ് ഗോ ടു യുവർ ക്ളാസ്സസ്," എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫെയ്സ്ബുക് പോസ്റ്റ്. വ്യാജവാർത്തയുടെ സ്ക്രീൻഷോട്ടും ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു.

"ഇപ്പോഴും നിങ്ങൾക്കിതിന്റെ ഉദ്ദേശത്തെയും ലക്ഷ്യത്തെയും കുറിച്ച് എന്തെങ്കിലും സംശയമുണ്ടോ?" എന്ന ചോദ്യമാണ് വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ബിഎൽ സന്തോഷ് ചോദിച്ചത്. ഇരുവരും തങ്ങളുടെ പോസ്റ്റുകൾ പിൻവലിച്ചില്ലെങ്കിലും മാധ്യമസ്ഥാപനം തങ്ങളുടെ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.

Still you have any doubts about the intention & plans ...!? ⁦⁩ ⁦⁩ ⁦⁩ pic.twitter.com/VrabCyhRAP

— B L Santhosh (@blsanthosh)

കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവര്‍ത്തകരെ വെവ്വേറെ വാഹനങ്ങളിലായി പലസ്ഥലങ്ങളിലേക്കായി കൊണ്ടുപോയെന്നാണ് വിവരം . കസ്റ്റഡിയിലായവര്‍ക്ക് പോലും പരസ്പരം കാണാനോ ബന്ധപ്പെടാനോ സംസാരിക്കാനോ ഉള്ള സാഹചര്യം പൊലീസ് നൽകിയിട്ടില്ലെന്നാണ് വിവരം. ഫോണുകളും ക്യാമറകളും അടക്കമുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് കര്‍ണാടക പൊലീസുമായി ബന്ധപ്പെട്ടിരുന്നു. ഡിജിപിയും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുന്നതിനുള്ള നടപടികൾ പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ മുജീബ് ചെറിയാംപുരം, കാമറമാൻ പ്രതീഷ് കപ്പോത്ത്,  മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമർ കാമറ മാൻ അനീഷ്,  ന്യൂസ് 24 റിപ്പോര്‍‍ട്ടര്‍‍ ആനന്ദ് കൊട്ടില കാമറമാൻ രഞ്ജിത്ത്,ന്യൂസ് 18 ക്യാമറാമാൻസുമേഷ് മൊറാഴ തുടങ്ങിയവരെല്ലാം പൊലീസ് കസ്റ്റഡിയിലുണ്ട്. 

click me!