ഇടത് സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

By Web TeamFirst Published Feb 11, 2021, 11:06 PM IST
Highlights

സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധ നടപടികളാണെന്നും റാങ്ക് ലിസ്റ്റിലെ ആര്‍ക്കും ഈ സര്‍ക്കാര്‍ നീതി നല്‍കിയില്ലെന്നും രമേശ് ചെന്നിത്തല. ജനസമ്പര്‍ക്കത്തെ ആക്രമിച്ചവര്‍ ഇന്നത് നടപ്പാക്കുന്നത് വിചിത്രമെന്ന് ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ച് യുഡിഎഫ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധ നടപടികളാണെന്നും റാങ്ക് ലിസ്റ്റിലെ ആര്‍ക്കും ഈ സര്‍ക്കാര്‍ നീതി നല്‍കിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നൂറുകണക്കിന് ആളുകളെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താന്‍ നോക്കിയതോടെയാണ് യുവജനങ്ങള്‍ പ്രതിഷേധം തുടങ്ങിയത്. അതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊഴിലില്ലാത്ത ചെറുപ്പക്കാരോട് ഈ സർക്കാർ ക്രൂരത കാട്ടുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

പകരം ലിസ്റ്റ് ഇല്ലാത്ത പിഎസ്സി ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുകയാണ്. അത് നീട്ടിക്കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. ബന്ധുക്കളുടെ കാര്യം മാത്രമാണ് സര്‍ക്കാര്‍ നടത്തിക്കൊടുക്കുന്നത്. ചെറുപ്പക്കാര്‍ പ്രകടിപ്പിക്കുന്നത് നാടിന്‍റെ വികാരം മാത്രമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പിണറായി സര്‍ക്കാരിലെ  മന്ത്രിമാര്‍ പൊതുജന പരാതികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നടത്തിയ സാന്ത്വന സ്പര്‍ശം പരിപാടി കണ്ടപ്പോള്‍  ജനസമ്പര്‍ക്ക പരിപാടിക്കുനേരെ ഇടതുപക്ഷം നടത്തിയ അക്രമങ്ങള്‍ ഓര്‍മവരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടി വില്ലേജ് ഓഫീസറുടെ ജോലി മുഖ്യമന്ത്രി ചെയ്യുന്നുവെന്നായിരുന്നു ഇടതുപക്ഷത്തിന്‍റെ ആരോപണം. 

അന്ന് ജനങ്ങള്‍ക്ക് നല്കിയ ചെറിയ സഹായങ്ങളെ വന്‍ധൂര്‍ത്തായാണ് പ്രചരിപ്പിച്ചത്. പലയിടത്തും  ജനങ്ങളെ തടയുകയും റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു.  എല്ലായിടത്തും കരിങ്കൊടി ഉയര്‍ത്തി.  കനത്ത സുരക്ഷയിലാണ് അന്നു മുഖ്യമന്ത്രിപോലും ജനസമ്പര്‍ക്ക വേദികളിലെത്തിയത്. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഈ പരിപാടികൊണ്ട് ആശ്വാസവും പ്രയോജനവും കിട്ടിയെന്നു തിരിച്ചറിഞ്ഞ സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍, പഴയതെല്ലാം വിഴുങ്ങിയാണ് അദാലത്ത് നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഐശ്വര്യ കേരള യാത്രയുടെ എറണാകുളം ജില്ലയിലെ സമാപന ചടങ്ങുകളില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. 

click me!