
പാല: പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചു. തികഞ്ഞ വിജയപ്രതീക്ഷയോടെയാണ് താൻ പ്രചാരണം ആരംഭിക്കുന്നതെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ എൻസിപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ അവസാനിച്ചുവെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
ജോസ് കെ മാണി മണ്ഡലത്തിൽ ഉള്ളതിനേക്കാൾ കൂടുതൽ സമയം താൻ പാലായിലുണ്ടെന്ന് പറഞ്ഞ മാണി സി കാപ്പൻ മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി. കേരള കോൺഗ്രസിലെ തർക്കങ്ങൾ തനിക്ക് അനുകൂലമാകുമെന്നും മാണി സി കാപ്പൻ പ്രതീക്ഷിക്കുന്നു. താൻ ജയിച്ചാൽ മന്ത്രിയാകും എന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
ജോസ് കെ മാണി വന്നാല്‍ സഹതാപ തരംഗം ഉണ്ടാകില്ല, ജനം പുച്ഛിച്ച് തള്ളുമെന്നും മാണി സി കാപ്പന്‍ നേരത്തെ പറഞ്ഞിരുന്ന. ശനിയാഴ്ചയാണ് മാണി സി കാപ്പൻ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
തോമസ് ചാണ്ടി, പീതാംബരൻ മാസ്റ്റർ, എ കെ ശശീന്ദ്രൻ എന്നിവരടങ്ങുന്ന മൂന്നംഗ തെരഞ്ഞെടുപ്പ് സമിതിയാണ് മാണി സി കാപ്പന്‍റെ സ്ഥാനാര്‍ത്ഥിത്വം ഇടത് മുന്നണിയെ അറിയിച്ചത്. സെപ്റ്റംബര്‍ നാലിന് പാലായിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷനും നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.
അതേസമയം, യുഡിഎഫില്‍ പാലാ സീറ്റില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള തകര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നേതൃത്വം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam