
തിരുവനന്തപുരം: എൻസിപിയിലേക്ക് തിരികെ പോകുന്നുവെന്ന വാർത്ത നിഷേധിച്ച് മാണി സി കാപ്പൻ. തീർത്തും അടിസ്ഥാന രഹിതമായ വാർത്തയാണിതെന്നാണ് കാപ്പന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് ശേഷം ശരത് പവാറിനെ പതിനഞ്ച് തവണ കണ്ടു എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നാണ് കാപ്പൻ പറയുന്നത്. പി സി ചാക്കോയുമായി ചർച്ച നടത്തിയിട്ടില്ലെന്നും മാണി സി കാപ്പൻ വ്യക്തമാക്കി.
ഇടതുമുന്നണിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചർച്ചയേ ചെയ്തിട്ടില്ലെന്നാണ് മാണി സി കാപ്പൻ പറയുന്നത്. അതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. വാർത്ത കൊടുത്തവരോട് ഇതിൻ്റെ അടിസ്ഥാനമെന്തെന്ന് ചോദിക്കണമെന്നും കാപ്പൻ ആവശ്യപ്പെട്ടു.
മാണി സി കാപ്പൻ്റെ എൻസിപി പ്രവേശന വാർത്ത പി സി ചാക്കോയും നിഷേധിച്ചു. അത്തരമൊരു ചർച്ച നടത്തിയതായി അറിയില്ലെന്നാണ് എൻസിപി സംസ്ഥാന അധ്യക്ഷന്‍റെ നിലപാട്. സംസ്ഥാന പ്രസിഡൻ്റായ താനറിയാതെ ചർച്ച നടക്കില്ലല്ലോ എന്നും ചാക്കോ ചോദിക്കുന്നു.
പാലാ സീറ്റ് തർക്കത്തെ തുടർന്ന് ഇടത് മുന്നണിയും എൻസിപിയും വിട്ടിറങ്ങി എൻസികെ എന്ന പുതിയ പാർട്ടി രൂപീകരിച്ച മാണി സി കാപ്പൻ പാലായിൽ ജോസ് കെ മാണിയെ തോൽപ്പിച്ചാണ് എംഎൽഎ ആയത്.