
തിരുവനന്തപുരം: മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ മ്യൂസിയം പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിൽ ഇന് മുതൽ അന്വേഷണം തുടങ്ങും. ഡിസിപി വിനോദിനാണ് അന്വേഷണ ചുമതല. അപകടം നടന്ന വിവരം ലഭിച്ചതുമുതൽ പൊലീസ് നടത്തിയ നീക്കങ്ങളെല്ലാം പരിശോധിക്കും. സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. മണിയൻപിള്ള രാജുവിന്‍റെ രക്തപരിശോധന ഫലം വരാൻ രണ്ട് ദിവസം കൂടി എടുക്കും. മദ്യപിച്ചാണോ വാഹനം ഓടിച്ചിരുന്നതെന്ന കാര്യത്തിൽ വ്യക്തവരണമെങ്കിൽ വൈദ്യ പരിശോധനഫലം ലഭിക്കണം.
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തിൽ ഗുരുതരവീഴ്ചയാണ് മണിയൻപിള്ള രാജുവിനും പൊലീസിനുമുണ്ടായത്. നഗരമധ്യത്തിലെ ട്രിവാൻഡ്രം ക്ലബിന് മുന്നിൽവെച്ച് തന്‍റെ കാറിടിച്ച് ബൈക്കിലെ യുവാക്കൾ തെറിച്ചുവീണത് അറിഞ്ഞിട്ടും രാജു മുന്നോട്ട് വാഹനമെടുത്ത് പോയതാണ് ആദ്യ ഗുരുതരവീഴ്ച. സമീപത്ത് നിരവധി ആശുപത്രികൾ ഉണ്ടായിട്ടും പരിക്കേറ്റവരെ അവിടേക്ക് കൊണ്ടുപോകാൻ രാജു ശ്രമിച്ചില്ല. അപകടമുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്ന കാര്യങ്ങൾ അറിയാവുന്ന കലാകാരനായിട്ടും ഒളിച്ചോടുകയായിരുന്നു രാജു. പേടികാരണം മുങ്ങിയെന്ന് പറയുമ്പോഴും പൊലീസിനെ വിളിച്ചതിൽ ഭിന്ന വാദങ്ങളാണ് രാജു പറയുന്നത്.
കാറോടിച്ചത് മണിയൻപിള്ള രാജുവാണെന്നത് തുടക്കത്തിലെ തിരിച്ചറിഞ്ഞ പൊലീസും നന്നായി ഒഴപ്പി. നിരവധി സിസിടിവി ദൃശ്യങ്ങളുള്ള വെള്ളയമ്പലം കവടിയാർ മേഖലയിലൂടെ കാർ എങ്ങോട്ട് പോയെന്ന് കണ്ടെത്തിയില്ല.. രാജുവിന്‍റെ ഫോൺ സ്വിച്ച്ഡ് ഓഫാണന്ന കാരണം പറഞ്ഞ് രാജുവിനെയും കണ്ടെത്താൻ ശ്രമിച്ചില്ല. വീട്ടിൽ പോയെന്നും ആരെയും കണ്ടെത്താനിയില്ലെന്നുമാണ് പൊലീസ് വാദം. രാവിലെ ആറുമണിക്ക് രാജുവിന്‍റെ ഫോൺ ഓണായെന്ന വിവരം സൈബർസെല്ലിൽ നിന്ന് അറിയിച്ചപ്പോഴാണ് മ്യൂസിയം പൊലീസ് വിളിക്കുന്നത്. കീഴടങ്ങാമെന്ന് രാജു അറിയിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാറില്ലാതെ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് രാജു മ്യൂസിയം സ്റ്റേഷനിലെത്തുന്നത്. പിന്നെയും അരമണിക്കൂർ കഴിഞ്ഞുവൈദ്യപരിശോധനക്ക് കൊണ്ടുപോയത്. അതായത് അപകടമുണ്ടായി 12 മണിക്കൂർ പിന്നിട്ടശേഷം മാത്രമാണ് വൈദ്യ പരിശോധന നടത്തിയത്.
രാജുവിന് സ്റ്റേഷൻ ജാമ്യം നൽകിയശേഷമാണ് കാർ കണ്ടെത്തുന്നത്. ടെന്നീസ് ക്ലബിന് സമീപം മകനറെ വീടിന്‍റെ സമീപത്തായിരുന്നു കാർ. മുൻഭാഗം മുഴുവൻ തകർന്ന നിലയിലായിരുന്നു വാഹനം. അലക്ഷ്യമായും അപകടമുണ്ടാക്കുന്നതുമായ വിധം വാഹനം ഓടിച്ചതിനും പരിക്കേറ്റവരെ ഉപേക്ഷിച്ച്പോയതിനുമുള്ള കുറ്റങ്ങളാണ് രാജുവിനെതിര ചുമത്തിയത്. അതേ സമയം, അപകടം പറ്റിയശേഷം ആദ്യം ശ്രമിച്ചത് പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുന്നതിനും അവരുടെ മൊഴി രേഖപ്പെടുത്തുന്നതിനുമാണെന്നാണ് പൊലീസ് വിശദീകരണം. പൊലീസ് വീഴ്ചയുണ്ടായെന്ന ആക്ഷേപത്തെ കുറിച്ച് ഡിസിപി അന്വേഷിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam