
തിരുവനന്തപുരം: കരാർ കാലാവധി തീർന്ന മണിയാർ വൈദ്യതിപദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് സർക്കാർ. മന്ത്രിസഭാ യോഗത്തിൽ വ്യവസായമന്ത്രി എതിർപ്പ് ഉന്നയിച്ചതിന് പിന്നാലെയാണ് ഏറ്റെടുക്കൽ നിർത്തിവെക്കണമെന്ന് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. വ്യവസായമന്ത്രിയുടെ ഇടപെടലിൽ വൈദ്യുതിമന്ത്രിക്കും കെഎസ്ഇബിക്കും കടുത്ത അതൃപ്തിയുണ്ട്. സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ പദ്ധതി നടത്തുന്ന സ്വകാര്യ കമ്പനിയെ സഹായിക്കും വിധത്തിലാണ് സർക്കാറിൻറെ യൂ ടേൺ.
ഒരു ചെലവുമില്ലാതെ 12 മെഗാവാട്ട് വൈദ്യുതി അഥവാ മണിക്കൂറിൽ 12000 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാവുന്ന പദ്ധതി കെഎസ്ഇബിക്ക് കിട്ടാനിരിക്കെയാണ് അപ്രതീക്ഷിത അട്ടിമറി . 2024 ഡിസംബർ 31ന് കാർബോറാണ്ടം കമ്പനിയുമായുള്ള കരാർ തീർന്നതാണ്. കമ്പനി ഏറ്റെടുക്കാത്ത സർക്കാർ നടപടിയിൽ അഴിമതി ആരോപണം വരെ ഉയർന്നിരുന്നു. ഒടുവിൽ കഴിഞ്ഞ 24ന് പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബി ഉത്തരവിറക്കി. നടപ്പാക്കാൻ പോയ കെഎസ് ഇബി ഉദ്യോഗസ്ഥരെ കാർബോറാണ്ടം ജീവനക്കാർ തടഞ്ഞു. ഇന്ന് വീണ്ടും പൊലീസ് സഹായത്തോടെ ഏറ്റെടുക്കാനിരിക്കെയാണ് ട്വിസ്റ്റ്.
മന്ത്രിസഭായോഗത്തിൽ വ്യവസായമന്ത്രി ഏറ്റെടുക്കലിനെ വിമർശിച്ചു. മാർച്ച് 14 ലെ കാബിനറ്റ് ഏറ്റെടുക്കൽ പഠിക്കാൻ സെക്രട്ടറിമാരുടെ സമിതിയെ വെച്ചതാണ്. റിപ്പോർട്ട് വരും മുമ്പ് ഉത്തരവിറക്കിയതും ഏറ്റെടുക്കാൻ പോയതും വ്യവസായ സൗഹൃസംസ്ഥാനമെന്ന പേരിന് കളങ്കമാകുമെന്ന് മന്ത്രി വിമർശിച്ചു. ഇതിന് പിന്നാലെ ഏറ്റെടുക്കാൽ നിർത്തിവെച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കെഎസ്ഇബി സിഎംഡിക്കും പത്തനംതിട്ട കലക്ടർക്കും ഉത്തരവ് കൈമാറി.
ഈ തീരുമാനം വരും മുമ്പ് തന്നെ കാർബോറാണ്ടം കമ്പനി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അഞ്ചിന് കേസ് വരും. അത് വരെ കമ്പനി ഹാപ്പി. കെഎസ് ഇബി കുടുങ്ങി. ഏറ്റെടുക്കൽ വൈകിയതിൽ കോടികളുടെ അഴിമതി രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഏറ്റെടുക്കൽ വൈകലിലെ ദുരൂഹതയും സംശയവും കൂട്ടുന്നു ഇപ്പോഴത്തെ അട്ടിമറി പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് വൈദ്യുതിമന്ത്രി ഒഴിഞ്ഞുമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam