
മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന, മൃതദേഹം കീറിമുറിക്കാതെയുള്ള 'വെർച്വൽ ഓട്ടോപ്സി' സംവിധാനം മലപ്പുറം ജില്ലയിൽ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മരണകാരണം കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന ഈ അത്യാധുനിക സംവിധാനം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി മലപ്പുറത്തെ തിരഞ്ഞെടുക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം. നിലവിലുള്ള പരമ്പരാഗത രീതി പ്രകാരം പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കീറിമുറിക്കുന്നത് പരേതന്റെ ബന്ധുക്കൾക്ക് അതീവ മാനസിക വേദന സൃഷ്ടിക്കുന്നതാണ്. ഇതിനൊരു പരിഹാരമായി പുതിയ സംവിധാനം കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം സ്വാഗതാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് വിലയിരുത്തി.
മൃതദേഹത്തിൽ യാതൊരുവിധ മുറിവുകളോ അടയാളങ്ങളോ വരുത്താതെ തന്നെ മരണകാരണം ശാസ്ത്രീയമായി കണ്ടെത്താൻ കഴിയുന്ന കാലോചിതമായ പരിഷ്കാരമാണിത്. പുതിയ സാങ്കേതികവിദ്യ നടപ്പാക്കുമ്പോൾ സർക്കാർ ചില പ്രധാന കാര്യങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്തണമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. വെർച്വൽ ഓട്ടോപ്സിക്ക് അത്യാവശ്യമായ അത്യാധുനിക സി.ടി, എം.ആർ.ഐ ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ സർക്കാർ മുൻകൂട്ടി സജ്ജമാക്കണം. ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് ഈ പുതിയ സംവിധാനം കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക പരിശീലനവും ആവശ്യമായ സാങ്കേതിക പിന്തുണയും ലഭ്യമാക്കണം. കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയൊരു മുന്നേറ്റത്തിന് വഴിവെക്കുന്ന ഈ സംവിധാനം അടിയന്തര പ്രാധാന്യത്തോടെ അതിവേഗം നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam