
ഇടുക്കി: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറി വച്ച കേസിൽ പ്രതികൾക്കെതിരെ കൂടുതൽ കേസ്. പ്രതികൾ ഇതിന് മുമ്പും നായാട്ട് നടത്തിയിട്ടുണ്ടെന്നാണ് വനപാലകര്‍ പറയുന്നത്. മുള്ളൻപന്നിയെ കെണിവച്ച് പിടിച്ച് കറിവച്ചതിനും കേസെടുത്തു. പ്രതികൾക്ക് അന്തർസംസ്ഥന വന്യജീവി കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാനായി വനം വകുപ്പ് കോടതിയെ സമീപിക്കും.
കഴിഞ്ഞ ദിവസമാണ് പുള്ളിപ്പുലിയെ കെണിവച്ച് പിടിച്ച് കറിവച്ച് കഴിച്ചതിന് നായാട്ട് സംഘം പിടിയിലാകുന്നത്.മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പുലിയെ പിടിച്ചത്. വനത്തോട് ചേര്‍ന്നുള്ള ഏലക്കാടിന് സമീപത്തെ പുരയിടത്തിലാണ് ഇതേ സംഘം മുള്ളൻപന്നിയേയും കുടുക്കിട്ട് പിടിച്ച് കറി വച്ചിട്ടുണ്ടെന്നാണ് വനപാലകര്‍ക്ക് കിട്ടിയ വിവരം.
ബുധനാഴ്ച രാത്രിയാണ് സംഘം പുള്ളിപ്പുലിയെ കുടുക്ക് വച്ച് പിടിച്ചത്. ഇരുമ്പു കേബിൾ കൊണ്ടുണ്ടാക്കിയ കുരുക്കിൽ പുള്ളിപ്പുലി വീണു. അതിന് ശേഷം പുഴയുടെ സമീപം വച്ച് തൊലിയുരിച്ച് ഇറച്ചി വൃത്തിയാക്കി എടുത്തു. ആറ് വയസ്സുള്ള പുള്ളിപ്പുലിക്ക് നാൽപ്പത് കിലോയോളം തൂക്കം ഉണ്ടായിരുന്നു. ഇതിൽ പത്തുകിലോയോളം ഇറച്ചിയെടുത്താണ് അഞ്ചംഗ സംഘം കറിവച്ചത്. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റുകയും ചെയ്തു. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തിരുന്നു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്‍റെ നടപടി.
നഖവും പല്ലും തോലും വിൽക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുലിയെ പിടിച്ചത്. ഇതിനായി ശാസ്ത്രീയമായി ഇവയെല്ലാം വേർതിരിച്ചെടുത്തു. തുടർന്ന്
പെരുന്പാവൂരുള്ള സുഹൃത്തിനെ ബന്ധപ്പെട്ട് വിൽപ്പനയ്ക്ക് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികൾക്ക് അന്തർസംസ്ഥാന നായാട്ട് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് സംശയം ഉയർന്നിരിക്കുന്നത്. ഇതിൽ വ്യക്തത തേടുന്നതിനായി വനംവകുപ്പ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam