യുവാവിനെ തല്ലിക്കൊന്ന് കടൽതീരത്ത് കുഴിച്ചുമൂടിയ കേസ്; ഒരു പ്രതി കൂടി അറസ്റ്റിൽ

By Web TeamFirst Published Aug 25, 2019, 7:20 PM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പറവൂർ സ്വദേശി മനു (27)വിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കടൽ തീരത്തെത്തിച്ചു കൊന്ന് കുഴിച്ചുമൂടിയത്.

ആലപ്പുഴ: പറവൂരിൽ യുവാവിനെ കൊന്ന് കുഴിച്ചു മൂടിയ കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചു മൂടാൻ സഹായിച്ച ജോൺ പോളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ ആയ ജോൺ പോളിന്റെ അറസ്റ്റ് ഇന്ന് ഉച്ചയോടെ ആണ് രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം അഞ്ചായി.

കേസിൽ പറവൂർ സ്വദേശികളായ ഓമനക്കുട്ടൻ, പത്രോസ്, സൈമൺ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. കൊല്ലപ്പെട്ട മനുവും കാപ്പ പ്രകാരം ജയിലിൽ കിടന്നിട്ടുള്ള ആളാണ്. പറവൂർ സ്വദേശിയും കേസിൽ ആദ്യം അറസ്റ്റിൽ ആയ സൈമണിന്റെ സഹോദരനെ മനു വെട്ടിപരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരം ആണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പറവൂർ സ്വദേശി മനു (27)വിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം കടൽ തീരത്തെത്തിച്ചു കൊന്ന് കുഴിച്ചുമൂടിയത്. ദേശീയപാതയ്ക്ക് സമീപമുള്ള ബാറിന് മുന്നിൽ വെച്ചാണ് മനു സംഘത്തിന്റെ കയ്യിൽ പെടുന്നത്. ഇവിടെ വച്ച് മനുവിനെ മർദ്ദിച്ചു അവശനാക്കിയ ശേഷം ഗലീലിയ കടപുറത്ത് എത്തിച്ചു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തി വീണ്ടും മർദ്ദിച്ചു. അതിനു ശേഷം പൊന്ത് വള്ളത്തിൽ കടലിൽ കെട്ടി താഴ്ത്തുമെന്ന് മറ്റ് പ്രതികളെ ഓമനകുട്ടനും ആന്റണിയും വിശ്വസിപ്പിച്ചു.

പിടിയിൽ ആയാൽ പൊലീസിനെ വഴിതെറ്റികാനുള്ള മൊഴികളും പ്രതികളെല്ലാം മനപാടമാക്കിയിരുന്നു. കള്ളമൊഴിയെ തുടർന്ന് രണ്ടു ദിവസം പൊലീസ് കടലിൽ തെരച്ചിൽ നടത്തേണ്ടി വന്നിരുന്നു. പ്രതികളായ ഓമനകുട്ടൻ, കൊച്ചുമോൻ എന്നിവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതാണ് കേസിൽ നിർണായക വഴിതിരിവ് ആയത്. പദ്ധതിപ്രകാരം കേസില്‍ ആദ്യം അറസ്റ്റിലായ പ്രതികൾ പൊലീസിനെ തെറ്റായ മൊഴികൾ നൽകി വഴിതെറ്റിച്ചിരുന്നു.

മനുവിനെ കൊന്ന് കടലിൽ താഴ്ത്തിയെന്നാണ് പ്രതികൾ ആദ്യം പൊലീസിൽ പറഞ്ഞത്. ബിയര്‍ കുപ്പിയും കല്ലുംകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പറവൂര്‍ ഗലീലിയ കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നായിരുന്നു പ്രതികളുടെ മൊഴി. ഈ മൊഴി പ്രതികളിൽ ചിലർ പിന്നീട് മാറ്റി. തുടര്‍ന്ന് നടത്തിയ തെരച്ചിൽ വെള്ളിയാഴ്ച മനുവിന്‍റെ മൃതദേഹം കടൽതീരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ഡിവൈഎസ്പി പി വി ബേബി പറഞ്ഞു.

ഓ​ഗസ്റ്റ് 19 മുതല്‍ ആലപ്പുഴയിലെ പറവൂരില്‍ നിന്നുമാണ് മനുവിനെ കാണാതായത്. മനുവിന്റെ അച്ഛൻ മനോഹരന്‍ പുന്നപ്ര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ആന്റണി അടക്കമുള്ളവരെയാണ് ഇനി പിടി കൂടാനുള്ളത്.

കേസിൽ ഉൾപ്പെട്ടവരെല്ലാം കൊടുംകുറ്റവാളികൾ ആയതുകൊണ്ട് തന്നെ അന്വേഷണവും ഇവർ സമർഥമായി വഴി തെറ്റിച്ചു. സൈമന്റെ സഹോദരനോടുള്ള വൈരാഗ്യം ആണെങ്കിലും കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഇന്നലെ പിടിയിൽ ആയ ഓമനകുട്ടനും ഇനി പിടിയിൽ ആകാൻ ഉള്ള ആന്റണിയും ആണെന്നും പൊലീസ് വ്യക്തമാക്കി. 
 

click me!