പ്രാര്‍ത്ഥനാ റാലിക്ക് പിന്നാലെ കുടില്‍കെട്ടി സമരത്തിനൊരുക്കം ; നിലപാട് കടുപ്പിച്ച് അല്‍മായ മുന്നേറ്റ സമിതി

By Web TeamFirst Published Aug 25, 2019, 5:48 PM IST
Highlights

ആയിരത്തിലേറെ വിശ്വാസികള്‍ മൗണ്ട് സെന്‍റ് തോമസിനുളളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രധാന ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. മൗണ്ട് സെന്‍റ് തോമസിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മെത്രാന്‍മാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്  പ്രാര്‍ഥനാ റാലിയാക്കി മാറ്റുകയായിരുന്നു. 

കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് അല്‍മായ മുന്നേറ്റ സമിതി , സീറോ മലബാര്‍ സഭ സിനഡ് നടക്കുന്ന കാക്കനാട്ട് മൗണ്ട് സെന്‍റ് തോമസിലേക്ക് പ്രാര്‍ഥനാ റാലി നടത്തി. ആയിരത്തിലേറെ വിശ്വാസികള്‍ മൗണ്ട് സെന്‍റ് തോമസിനുളളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പ്രധാന ഗേറ്റിന് മുന്നില്‍ പൊലീസ് തടഞ്ഞു. മൗണ്ട് സെന്‍റ് തോമസിന് മുന്നില്‍ കുടില്‍ കെട്ടി സമരം ചെയ്യാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും മെത്രാന്‍മാരുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്  പ്രാര്‍ഥനാ റാലിയാക്കി മാറ്റുകയായിരുന്നു. 

അല്‍മായ മുന്നേറ്റ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ സിന‍ഡ് ,ഗൗരവമായി പരിഗണിക്കുന്ന സാഹചര്യത്തില്‍ കുടില്‍കെട്ടിയുള്ള സമരം പിന്‍വലിക്കണം എന്നായിരുന്നു മെത്രാന്മാരുടെ അഭ്യര്‍ഥന. രണ്ട് കേന്ദ്രങ്ങളില്‍ നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു മൗണ്ട് സെന്‍റ് തോമസിലേക്ക് റാലി ആരംഭിച്ചത്. സംഘര്‍ഷസാധ്യത ഭയന്ന് വന്‍ പൊലീസ് സന്നാഹത്തെ വിന്ന്യസിച്ചിരുന്നു. പ്രധാന ഗേറ്റിന് മുന്നില്‍ പൊലീസ് റാലി തടഞ്ഞതോടെ , വിശ്വാസികള്‍ മൗണ്ട് സെന്‍റ് തോമസിന് ചുറ്റും പ്രകടനം നടത്തി.

അഞ്ച് ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഭൂമി ഇടപാടില്‍ സഭയ്ക്ക് നഷ്ടമായ പണം തിരിച്ച് പിടിക്കുക, മാര്‍ ജേക്കബ് മനത്തോടത്തിനെ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പായി നിയമിക്കുക,സഹായമെത്രാന്‍മാരായ  മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരുടെ സസ്പെ്‍ഷന്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങല്‍. രണ്ട് ദിവസത്തിനുള്ളില്‍ ആവശ്യങ്ങള്‍  അംഗീകരിച്ചില്ലെങ്കില്‍ കുടില്‍കെട്ടി സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. 

click me!