പൊലീസ് വെടിവെപ്പ്; മാവോയിസ്റ്റ് നേതാവ് ജലീലിന്‍റെ മൃതദേഹം വീട്ടില്‍ സംസ്കരിച്ചു

By Web TeamFirst Published Mar 8, 2019, 6:53 PM IST
Highlights

പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കനത്ത പൊലീസ് അകമ്പടിയിലാണ് സി പി  ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. 

പാണ്ടിക്കാട്: വയനാട് വൈത്തിരിയില്‍ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സിപി ജലീലിന്റെ സംസ്കാരം മലപ്പുറം പാണ്ടിക്കാട്ടെ വീട്ടുവളപ്പിൽ നടന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഉച്ച കഴിഞ്ഞാണ് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് കനത്ത പൊലീസ് അകമ്പടിയിലാണ് സി പി  ജലീലിന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. 

തല തുളച്ച വെടിയുണ്ട മാവോയിസ്റ്റ് ജലീലീന്റെ മരണകാരണമായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വൈത്തിരി ഉപവൻ റിസോർട്ടിൽ നിന്നും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രി മോർച്ചറിക്ക് സമീപം പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. 

മൃതദേഹത്തിനൊപ്പം തണ്ടർബോൾട്ട് സംഘവും മെഡിക്കൽ കോളജിലെത്തി. ഇന്നലെത്തന്നെ പോസ്റ്റ്മോർട്ടം നടത്താൻ ആലോചിച്ചിരുന്നെങ്കിലും ഉന്നത തല ചർച്ചയിൽ ഇന്ന് രാവിലെ നടത്താൻ തീരുമാനിക്കുകയായിരുന്നു. കേരളം കര്‍ണ്ണാടകം തമിഴ്നാട് എന്നിവയുള്‍പ്പെടുന്ന മാവോയിസ്റ്റ് പശ്ചിമഘട്ട സോണല്‍കമ്മറ്റിയില്‍ 4 ദളങ്ങളുണ്ട്.   ഇതിലെ   കബനീദളത്തിന്റെ  പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട സി പി ജലീല്‍. വിക്രം ഗൗഡയാണ് ഈ ദളത്തിന്റെ തലവന്‍.
 

click me!