ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ്റെ മാതാപിതാക്കളെ പ്രശംസിച്ചു. ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുമ്പോഴും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ ത്യാഗത്തെയും കാരുണ്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
തിരുവനന്തപുരം: ആലിൻ ഷെറിന്‍റെ മാതാപിതാക്കളെ കുറിച്ച് ഹൃദയംതൊടും കുറിപ്പുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. ആലിൻ ഷെറിൻ എബ്രഹാം രാജ്യത്തിനാകെ അഭിമാനമാണെന്ന് ഹേമന്ത് സോറൻ പറഞ്ഞു. ആലിന്‍റെ മാതാപിതാക്കളുടെ ധൈര്യത്തെയും ത്യാഗത്തെയും കാരുണ്യത്തെയും ഹേമന്ത് സോറൻ പ്രശംസിച്ചു. ആലിന് ഔദ്യോഗിക ബഹുമതികളോടെ വിട ചൊല്ലിയ മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം അഭിനന്ദിച്ചു.
ഏതൊരു രക്ഷിതാവിനും സ്വന്തം കുഞ്ഞിനെ നഷ്ടപ്പെടുന്നത് ഏറ്റവും വേദന നിറഞ്ഞ നിമിഷമാണ്. ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്ന സമയത്തും കുഞ്ഞിന്‍റെ അവയവദാനത്തിന് ഷെറിൻ എൻ ജോണും അരുൺ എബ്രഹാമും തയ്യാറായത് ത്യാഗത്തിന്‍റെയും കാരുണ്യത്തിന്‍റെയും തെളിവാണ്. കേവലം അവയവദാനം മാത്രമല്ല അത്, മനുഷ്യത്വത്തിലുള്ള അവരുടെ അചഞ്ചലമായ വിശ്വാസത്തിന്‍റെ തെളിവാണത്. ആലിൻ്റെ ജീവിതം ഹ്രസ്വമായിരിക്കാം. പക്ഷേ ഇന്ന് ആ കുഞ്ഞ് നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയായി ജീവിക്കുന്നു . അങ്ങനെ ആ ജീവിതം അനശ്വരമായെന്നും ഹേമന്ത് സോറൻ കുറിച്ചു.
ആലിൻ്റെ മാതാപിതാക്കളുടെ പ്രവൃത്തി മനുഷ്യരാശിയെ സംബന്ധിച്ച് ഒരിക്കലും മായാത്ത മാതൃകയാണ്. എല്ലാ അതിരുകൾക്കും ഭാഷകൾക്കും അതീതമാണ് ആ മാതൃക. കുഞ്ഞ് ആലിന് ആദരാഞ്ജലി അർപ്പിക്കുന്നുവെന്നും മാതാപിതാക്കളുടെ അതുല്യമായ ധൈര്യത്തെ ആദരവോടെ കാണുന്നുവെന്നും ഹേമന്ത് സോറൻ കുറിച്ചു. ആലിനെ അർഹിക്കുന്ന ബഹുമതിയോടെ യാത്രയാക്കി മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച കേരള മുഖ്യമന്ത്രി പിണറായി വിജയനെയും അഭിവാദ്യം ചെയ്യുന്നുവെന്ന് ഹേമന്ത് സോറൻ പറഞ്ഞു. മറ്റൊരു ജീവൻ നിലനിർത്തുന്ന മഹത്തായ പ്രവൃത്തിയാണ് അവയവദാനം. അവയവദാന നയം ശക്തിപ്പെടുത്താൻ ആവശ്യമായ എല്ലാ നടപടികളും ജാർഖണ്ഡ് സർക്കാർ സ്വീകരിക്കുമെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവ്
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്ന് കുഞ്ഞിന്‍റെ അവയവ ദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ, വൃക്കകൾ, ഹൃദയ വാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. തീവ്ര ദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനം ലോകം മുഴുവൻ വലിയ വാർത്തയായി മാറി. ആലിന്‍റെ വേർപാടിൽ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും വേദനയിൽ ആശ്വാസം പകരാനെത്തിയ മുഖ്യമന്ത്രി, ആലിനെ കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനവും നടത്തിയാണ് മടങ്ങിയത്. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവദാന മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.


