
തിരുവനന്തപുരം: മാർഇവാനിയോസ് കോളേജിലെ നിരീക്ഷണകേന്ദ്രവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ തിരുവനന്തപുരം ജില്ലാഭരണകൂടം നടപടി തുടങ്ങി. പരാതിയുളളവർക്ക് പണം നൽകി ഹോട്ടലുകളിലെ നിരീക്ഷണസംവിധാനത്തിലേക്ക് മാറാമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ആവശ്യത്തിന് ശുചിമുറികളില്ലാത്തതിന്റെ പ്രശ്നം മാർ ഇവാനിയോസിൽ ഇപ്പോഴും നിലനിൽക്കുകയാണ്.
സുരക്ഷക്കായി ഒരുക്കിയ നിരീക്ഷണകേന്ദ്രം പേടിസ്വപ്നമാകുന്ന അനുഭവമായിരുന്നു മാർ ഇവാനിയോസ് കോളേജിലെത്തിയവർക്ക്. കെട്ടിടത്തിന്റെ ഒരോ നിലയിലും ആകെയുളള നാലോ അഞ്ചോ ശുചിമുറികൾ ഉപയോഗിക്കേണ്ടത് 40 പേർക്ക് വരെ. ഒരു മുറിയിൽ തന്നെ രണ്ടും മൂന്നും നാലും ആളുകളെ പാർപ്പിച്ചു. പരാതികൾ വ്യാപകമായതോടെയാണ് ജില്ലാകളക്ടർ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്. ഒരു മുറിയിൽ ഒരാളെ മാത്രമാക്കി ചുരുക്കി. എന്നാൽ ശുചിമുറിയുടെ അപര്യാപ്തത പരിഹരിക്കാൻ നടപടിയായിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിലെ റെഡ്സോണിൽ നിന്ന് വന്നവർക്ക് പണം നൽകി ഹോട്ടലിൽ നിരീക്ഷണത്തിൽ കഴിയാൻ ഇതുവരെ അവസരമുണ്ടായിരുന്നില്ല. എന്നാൽ പരാതികൾ വ്യാപകമായതോടെയാണ് ഈ സൗകര്യം ഒരുക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചത്. നിരീക്ഷണകേന്ദ്രത്തിലെത്തിയ ശേഷം ആരോഗ്യപരിശോധനകളൊന്നും നടത്തിയിട്ടില്ലെന്നും പരാതിയുണ്ട്.
"
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam