Latest Videos

മാർ പൗവത്തിലിന് വിട; ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ

By Web TeamFirst Published Mar 22, 2023, 3:26 PM IST
Highlights

ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവത്തിലിന്റെ ഭൗതികശരീരം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

കോട്ടയം: വലിയ ഇടയന് പ്രാർഥനാ നിർഭരമായ അന്ത്യയാത്രയേകി വിശ്വാസി സമൂഹം. സിറോ മലബാർ സഭ ചങ്ങനാശേരി രൂപതാ മുൻ ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിന്റെ സംസ്കാര ചടങ്ങുകളിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിയോട് ചേർന്ന ഖബറിട പള്ളിയിലെ പ്രത്യേക കല്ലറയിലാണ് പൗവത്തിലിന്റെ ഭൗതികശരീരം സംസ്കരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. 

ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കെ എൻ  ബാലഗോപാലും വി.എൻ വാസവനുടക്കം സംസ്ഥാന മന്ത്രിമാർ, വി ഡി സതീശനും, കെ.സി.വേണുഗോപാലും ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ തുടങ്ങി  പ്രമുഖരുടെ നീണ്ട നിരയും പൗവത്തിലിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വന്നു. രാവിലെ ഒമ്പത് മണി വരെ നീണ്ട പൊതുദർശനത്തിനു ശേഷം കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക കുർബാന മൂന്നു മണിക്കൂറോളം നീണ്ടു. പ്രാർത്ഥനകൾക്ക് ശേഷം ചങ്ങനാശേരി മെത്രാപ്പൊലീത്ത പള്ളിക്ക് ചുറ്റും ഭൗതിക ശരീരവുമായി നഗരി കാണിക്കൽ ചടങ്ങും നടന്നു. പൗവത്തിലിന്റെ ജീവിതരേഖ അടയാളപ്പെടുത്തിയ ഏഴു ചെമ്പു ഫലകങ്ങളും ഖബറിൽ നിക്ഷേപിച്ചു. 

1985 നവംബർ അഞ്ച് മുതൽ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായി പ്രവർത്തിച്ച് അദ്ദേഹം വിരമിക്കുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അതിരൂപതയിലെ തന്നെ കുറുമ്പനാടം അസംപ്ഷന്‍ ഇടവകയിലെ പൗവത്തിൽ കുടുംബാംഗമാണ്. 

1962 ഒക്ടോബര്‍ മൂന്നിനാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി 1972 ജനുവരി 29ന് നിയമിക്കപ്പെട്ടു. 1972 ഫെബ്രുവരി 13ന് റോമില്‍ വച്ച് പോള്‍ ആറാമന്‍ മാർപാപ്പായില്‍ നിന്നാണ് മെത്രാഭിഷേകം സ്വീകരിച്ചത്. ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി പടിയറയുടെ സഹായമത്രാനായിട്ടായിരുന്നു നിയമനം. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായി. 1977 മേയ് 12നായിരുന്നു സ്ഥാനാരോഹണം.

മാര്‍ ആന്റണി പടിയറ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായതിനെ തുടര്‍ന്ന് 1985 നവംബര്‍ അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിതനായി. 1986 ജനുവരി 17ന് സ്ഥാനാരോഹണം. 22വര്‍ഷക്കാലം ചങ്ങനാശേരി അതിരൂപതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച മാര്‍ പൗവത്തില്‍ സഭയുടെ ക്രാന്ത ദര്‍ശിയായ ആചാര്യനായിരുന്നു. ക്രൗണ്‍ ഓഫ് ദ ചര്‍ച്ച് എന്നാണ് സഭാപിതാക്കന്മാര്‍ മാര്‍ പൗവത്തിലിനെ വിശേഷിപ്പിക്കുന്നത്.

കെസിബിസി പ്രസിഡന്റായി 1993 മുതല്‍ 1996 വരെ അദ്ദേഹം പ്രവർത്തിച്ചു. 1994 മുതല്‍ 1998വരെ സിബിസിഐ പ്രസിഡന്റുമായിരുന്നു. 2007 മാര്‍ച്ച് 19 നാണ് മാര്‍ ജോസഫ് പൗവത്തില്‍ വിരമിച്ചത്.

click me!