മരട്: പൊളിക്കുമ്പോൾ അടുത്തുള്ള വീടുകൾക്ക് കേട് പറ്റില്ലെന്ന് എഡിഫൈസ് കമ്പനി

By Web TeamFirst Published Oct 5, 2019, 12:12 PM IST
Highlights

നിയന്ത്രിത സ്ഫോടനം നടത്തുമ്പോള്‍ ഫ്ലാറ്റുകള്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ നിലംപതിക്കും. പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും എഡിഫൈസ് കമ്പനി.

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കുമ്പോള്‍ 40 അടി ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചാല്‍ മതിയാകുമെന്ന് എഡിഫൈസ് എഞ്ചിനീയറിംഗ് കമ്പനിയുടെ പാര്‍ട്ണര്‍ ഉല്‍ക്കര്‍ഷ് മേത്ത പറഞ്ഞു. സ്ഫോടനം മൂലം ഫ്ലാറ്റുകള്‍ക്ക് പരിസരത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും ഉണ്ടാകില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നിയന്ത്രിത സ്ഫോടനം നടത്തുമ്പോള്‍ ഫ്ലാറ്റുകള്‍ ചീട്ടുകൊട്ടാരം തകരുന്നത് പോലെ നിലംപതിക്കുമെന്നാണ് ഉല്‍ക്കര്‍ഷ് മേത്ത പറയുന്നത്. ഫ്ലാറ്റുകള്‍ തകരുമ്പോള്‍ ഉയരുന്ന പൊടിപടലങ്ങളില്‍ 80 ശതമാനവും സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാനുള്ള കരാര്‍ എഡിഫൈസ് കമ്പനിക്ക് ലഭിച്ചേക്കുമെന്നാണ് സൂചന.

അതേസമയം, മരടില്‍ സഹായം ലഭിക്കേണ്ട ഫ്ലാറ്റുടമകളുടെ പട്ടിക ഇന്ന് സര്‍ക്കാരിന് കൈമാറും. യഥാര്‍ത്ഥ ഉടമകളുടെ പേരുകള്‍ മാത്രമാണ് പട്ടികയിലുണ്ടാകുക. ഫ്ലാറ്റുകള്‍ സ്വന്തം പേരില്‍ അല്ലാത്തവര്‍ക്കുള്ള നഷ്ടപരിഹാരം എങ്ങനെ നല്‍കണം എന്നതില്‍ തീരുമാനം സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് വിടും. ഫ്ലാറ്റുകള്‍ ഒഴിഞ്ഞ ഉടമകള്‍ നഗരസഭയില്‍ നേരിട്ടെത്തി ഫ്ലാറ്റ്ഒഴിഞ്ഞതിന്‍റെ രേഖകള്‍ കൈപ്പറ്റണമെന്ന് സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചിട്ടുണ്ട്. 29 കുടുംബങ്ങളാണ് ഇനിയും ഒഴിയാനുള്ളത്.

Read Also: സഹായം കിട്ടേണ്ടവരുടെ പട്ടിക സർക്കാരിന്; മരടിൽ ഇനി ഒഴിയേണ്ടത് 29 കുടുംബങ്ങൾ

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് കുടിയിറങ്ങിയവരെ വാടക വീടുകളുടെ ഇടനിലക്കാര്‍ പിഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മരടിലും പരിസരത്തും നിലവിലുള്ള വാടകയുടെ ഒന്നും രണ്ടും ഇരട്ടിയാണ് ഇവര്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ച ഫ്ലാറ്റുകളിലും ഭീമമായ തുകയാണ് ഇപ്പോള്‍ വാടകയായി ആവശ്യപ്പെടുന്നതെന്നും ഉടമകള്‍ പറയുന്നു. 

Read Also: മരട്: കുടിയിറങ്ങിയതോടെ ഫ്ലാറ്റിലെ കുടുംബങ്ങളെ പിഴിഞ്ഞ് വാടക വീടുകളുടെ ഇടനിലക്കാർ

click me!