മരട്: മരടിൽ സഹായം കിട്ടേണ്ട ഫ്ലാറ്റ് ഉടമകളുടെ പട്ടിക ഇന്ന് സർക്കാരിന് കൈമാറും. യഥാർത്ഥ ഉടമകളുടെ പേരുകൾ മാത്രമാണ് കൈമാറുക. സ്വന്തം പേരിൽ ഫ്ലാറ്റുകൾ ഇല്ലാത്തവർക്കുള്ള നഷ്ടപരിഹാരം  എങ്ങനെ നൽകണം എന്നതിൽ തീരുമാനം സുപ്രീംകോടതി നിയോഗിച്ച സമിതിക്ക് വിടും. ഫ്ലാറ്റുകൾ ഒഴിഞ്ഞ ഉടമകൾ നഗരസഭയിൽ നേരിട്ടെത്തി ഫ്ലാറ്റ് ഒഴിഞ്ഞതിന്റെ രേഖകൾ കൈപ്പറ്റണമെന്ന് സബ് കലക്ടർ സ്നേഹിൽ കുമാ‍ർ സിംഗ് അറിയിച്ചു. ഈ രേഖ കൈപറ്റുന്നവർക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകൂവെന്നും സബ് കളക്ടർ പറഞ്ഞു.  

ഉടമസ്ഥർ ആരെന്നറിയാതെ 50 ഫ്ലാറ്റുകൾ

താമസക്കാരെ ഒഴിപ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോഴും ഉടമസ്ഥർ ആരെന്നറിയാത്ത 50 ഫ്ലാറ്റുകൾ ആണ് മരടിൽ ഉള്ളത്. ഉടമസ്ഥർ എത്തിയില്ലെങ്കിൽ റവന്യൂ വകുപ്പ് ഫ്ലാറ്റുകൾ നേരിട്ട് ഒഴിപ്പിക്കും. ഇനി മരട് ഫ്ലാറ്റുകളിൽ നിന്നും 29 കുടുംബങ്ങളാണ് ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആൽഫാ 7, ഗോൾഡൻ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.
 
മരടിൽ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിച്ച ഇന്നലെ രാത്രിയോടെ എല്ലാവരും ഫ്ലാറ്റുകളിൽ നിന്നും ഒഴിഞ്ഞുപോയി. മുപ്പതോളം ഫ്ലാറ്റുകളിൽ നിന്നുള്ള സാധനങ്ങളും ഇന്ന് പുലർച്ചെ മുതൽ മാറ്റി തുടങ്ങി. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും 4 സമുച്ചയങ്ങളിലായി 50 അപ്പാർട്മെന്റുകൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല.  ഇതെല്ലാം വിറ്റുപോയ ഫ്ലാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപറ്റിയിട്ടില്ല. അതിനാൽ തന്നെ രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും. എട്ടാം തിയതിക്കകം സാധനങ്ങൾ പൂർണമായും മാറ്റും. ഫ്ലാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്ന് യോഗ്യരായവരേയും ഈ ദിവസങ്ങളിൽ തീരുമാനിക്കും

Read More: മരടിൽ ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങൾ; ഉടമസ്ഥർ ആരെന്നറിയാതെ 50ഫ്ലാറ്റുകൾ

ക്രൈംബ്രാഞ്ച് സംഘം ഫ്ലാറ്റുകളിൽ

മരടിലെ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെയുള്ള കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാല് ഫ്ലാറ്റുകളിലുമെത്തി. തീരദേശ പരിപാലന നിയമലംഘനം കണ്ടെത്തുന്നതിന് സ്ഥലം അളന്നു തിട്ടപ്പെടുത്താൻ തുടങ്ങി. മരട് നഗരസഭയിലെത്തി ക്രൈംബ്രാ‌‌ഞ്ച് സംഘം രേഖകളും പരിശോധിച്ചിരുന്നു. സർവ്വേ വകുപ്പിന്റെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് ഫ്ലാറ്റുകളുടെ സ്ഥലം അളന്നു പരിശോധിക്കുന്നത്.നി‍ർമ്മാതാക്കളെ വിളിച്ചുവരുത്തി അടുത്ത ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. ക്രൈം ബ്രാഞ്ച്  എസ് പി  വിഎം  മുഹമ്മദ്‌ റഫീഖ് റിച്ചഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധനകൾ.

ബാലകൃഷ്ണൻ കമ്മീഷനെതിരെ ഫ്ലാറ്റുടമകൾ

 നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മീഷന്‍റെ പ്രവർത്തനത്തനത്തിൽ അനിശ്ചിതത്വം എന്ന ആരോപണവുമായി ഫ്ലാറ്റുടമകൾ രംഗത്തെത്തി. ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മീഷനിലെ മറ്റ് അംഗങ്ങളെ സർക്കാർ ഇതുവരെ നിശ്ചയിച്ചിക്കാത്തത് സർക്കാരിന്റെ വീഴ്ചയാണെന്നാണ് ആരോപണം. കമ്മിറ്റി അംഗങ്ങളെ നിശ്ചയിക്കാൻ സംസ്ഥാന സർക്കാറിനോട് ആണ് സുപ്രീം കോടതി നിർദേശിച്ചത്. ഒഴിപ്പിക്കാൻ കാണിക്കുന്ന വേഗത സർക്കാർ കമ്മിഷൻ രൂപീകരിക്കുന്നതിൽ കാണിക്കുന്നില്ലെന്നും ഫ്ലാറ്റ് ഉടമകൾ കുറ്റപ്പെടുത്തി.

നിലപാടിലുറച്ച് സുപ്രീം കോടതി

അവസാന ശ്രമം എന്ന നിലയിൽ ഫ്ലാറ്റുകൾ ഒഴിയാൻ  കുടുതൽ സാവകാശം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച ഫ്ലാറ്റുടമകൾക്ക്  ഇന്നത്തെ സുപ്രീം കോടതി നിലപാട് വീണ്ടും തിരിച്ചടിയായി. മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഒരു ആഴ്ച കൂടി സമയം നീട്ടിനൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി  തള്ളി. ഫ്ലാറ്റുകൾ ഒഴിയാൻ ഒരു മണിക്കൂർ സമയം പോലും നീട്ടിനൽകാനാകില്ലെന്ന് കേസ് പരിഗണിച്ച സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കൂടുതൽ വാദിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്ന് അഭിഭാഷകർക്ക് ജസ്റ്റിസ് അരുൺ മിശ്ര മുന്നറിയിപ്പും നൽകി.

Read More: മരട് ഫ്ലാറ്റ് ഒഴിയാൻ ഒരു മണിക്കൂർ സമയം പോലും നീട്ടിനല്‍കില്ല; ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

ഫ്ലാറ്റുകൾ ഒഴിയുന്ന കാര്യത്തിൽ ഇന്നും കർശന നിലപാട്  ആവർത്തിക്കുകയായിരുന്നു  ജസ്റ്റിസ് അരുൺ മിശ്ര. ഫ്ലാറ്റുകൾ ഒഴിയാൻ കുറച്ച് ദിവസം കൂടി സാവകാശം വേണമെന്ന് അഡ്വ. ലില്ലി തോമസാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബഞ്ചിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഒരു മണിക്കൂർ പോലും  സാവകാശം നൽകാനാകില്ലെന്നാണ്  അരുൺ മിശ്ര അറിയിച്ചിച്ചത്. വിധിയിൽ ഒരു ഭേദഗതിയ്ക്കും ഉദ്യേശിക്കുന്നില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഞങ്ങൾ എങ്ങോട്ടു പോകുമെന്ന് ഫ്ലാറ്റ് ഉടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകയായ  ലില്ലി തോമസ് സുപ്രീംകോടയിൽ ചോദിച്ചു.

ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അഭിഭാഷകർ പറഞ്ഞപ്പോൾ കോടതിയിൽ നിന്നും പുറത്തുപോകാനായിരുന്നു ജസ്റ്റിസിന്റെ നിർദ്ദേശം. കോടതിക്കകത്ത് ഒച്ച വയ്ക്കരുത്, ഒച്ചവച്ചാൽ കോടതിയലക്ഷ്യ നടപടികൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും അഭിഭാഷകർക്ക് ജസ്റ്റിസ് നൽകി.