പാവറട്ടി എക്സൈസ് കസ്റ്റഡിമരണം; ജീപ്പ് കസ്റ്റഡിയിലെടുത്തു, രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍

By Web TeamFirst Published Oct 5, 2019, 11:27 AM IST
Highlights

കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ സമര്‍പ്പിക്കാനും സാധ്യതയുണ്ട്.

തൃശ്ശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണത്തില്‍ ആരോപണവിധേയരായ രണ്ട് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയെന്ന് പൊലീസ്. ജീപ്പ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്തിനെ രണ്ടുപേരാണ് മര്‍ദ്ദിച്ചതെന്നാണ് സൂചന.

ഗുരുവായൂര്‍ എസിപി ബിജു ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസില്‍ ഇന്ന് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് എക്സൈസ് സംഘത്തിന്‍റെ ജീപ്പ് കസ്റ്റഡിയിലെടുത്തത്. ഈ ജീപ്പില്‍ വച്ചാണ്, കഞ്ചാവ് കേസില്‍ പ്രതിയായ രഞ്ജിത്തിന് മര്‍ദ്ദനമേറ്റത്. എട്ടുപേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. മൂന്ന് പ്രിവന്‍റീവ് ഓഫീസര്‍മാര്‍, നാല് സിവില്‍ ഓഫീസര്‍മാര്‍, ഡ്രൈവര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പ്രിവന്‍റീവ് ഓഫീസര്‍മാരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. ഇവരാണ് രഞ്ജിത്തിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

എന്നാല്‍, കേസില്‍ പ്രതിയാകുമെന്ന് ഉറപ്പായതോടെ ഇവര്‍ ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ ഇന്നു തന്നെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപേക്ഷ സമര്‍പ്പിക്കാനും സാധ്യതയുണ്ട്. മറ്റ് ആറ് പേരില്‍ നിന്ന് പൊലീസ് ഇന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. 

Read Also: തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ചു

മൂന്നാമത്തെ പ്രിവന്‍റീവ് ഓഫീസര്‍ പ്രശാന്ത് മര്‍ദ്ദനത്തെ തുടക്കത്തില്‍ത്തന്നെ എതിര്‍ക്കുകയും പ്രതിഷേധിച്ച് ജീപ്പില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഇദ്ദേഹത്തെയായിരിക്കും ഇന്ന് പ്രധാനമായും ചോദ്യം ചെയ്യുക. മര്‍ദ്ദനത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുക.

Read Also:തലയ്ക്കേറ്റ ക്ഷതം മൂലമുള്ള ആന്തരിക രക്തസ്രാവം രഞ്ജിത്തിന്‍റെ മരണകാരണം; എക്സൈസിന് കുരുക്കായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത് മരിച്ചിരുന്നു. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇതേത്തുടര്‍ന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തത്. 

Read Also: കസ്റ്റഡി മരണം: എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തു, സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

click me!