മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്നാവര്‍ത്തിച്ച് സുപ്രീംകോടതി

By Web TeamFirst Published Jul 26, 2019, 4:16 PM IST
Highlights

ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള തങ്ങളുടെ ഉത്തരവിൽ എല്ലാം വ്യക്തമാണെന്നും  കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു.
 

ദില്ലി:എറണാകുളം മരടിൽ തീരദേശ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ പണിയാൻ അനുമതി നൽകിയ സർക്കാർ ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിക്കണമെന്നുള്ള തങ്ങളുടെ ഉത്തരവിൽ എല്ലാം വ്യക്തമാണെന്നും  കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാവുന്നതാണെന്നും കോടതി അറിയിച്ചു.

മരട് വിഷയത്തിൽ നൽകുന്ന രണ്ടാമത്തെ  റിട്ട് ഹർജിയാണ് കോടതി തള്ളിയത്. മരടിലെ ജെയിൻ ഹൗസിങ് ഫ്ലാറ്റിലെ താമസക്കാരൻ മനോജ് കൊടിയൻ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹർജി തള്ളിയത്. ഫ്ലാറ്റുകൾ പൊളിക്കണമെന്ന സുപ്രീം കോടതി  വിധി ചോദ്യം ചെയ്തുള്ള ഒരു  റിട്ട് ഹർജി  ജൂലൈ 5നും പുനഃപരിശോധനാ ഹർജികൾ ജൂലൈ 11നും കോടതി തള്ളിയിരുന്നു

തീരദേശ പരിപാലന നിയമം ലംഘിച്ച്  നിർമിച്ച മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ  പൊളിച്ച് നീക്കണം എന്ന് മെയ് എട്ടിനാണ് സുപീംകോടതി ഉത്തരവിട്ടത്. ഹോളി ഫെയ്ത്ത്, കായലോരം, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻച്വെർസ് എന്നീ ഫ്ലാറ്റുകള്‍ പൊളിക്കാനാണ് കോടതി ഉത്തരവിട്ടത്.  

അതേസമയം, ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് മരട് മുൻസിപ്പാലിറ്റിയാണെന്ന് മന്ത്രി എ സി മൊയ്തീന്‍ പ്രതികരിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കൂടി പരിഗണിക്കണം. ഫ്ലാറ്റ് ഉടമകൾ കോടതിയെ  കാര്യങ്ങൾ ബോധിപ്പിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.


 

click me!