നിലപാട് കടുപ്പിച്ച് മരട് നഗരസഭ; ഫ്ലാറ്റുകൾ നാളെ തന്നെ ഒഴിയണം; ഒഴിയില്ലെന്ന് ഉടമകൾ

By Web TeamFirst Published Oct 2, 2019, 11:40 AM IST
Highlights

പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ലെന്ന് ഫ്ലാറ്റ് ഉടമകൾ. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും ഫ്ളാറ്റുകളിൽ തുടരും. പുനരധിവാസം നൽകുമെന്ന വാക്ക് പാലിക്കാൻ കലക്ടർ തയ്യാറാകണമെന്നും ഉടമകൾ

മരട്: മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി നീട്ടണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം നഗരസഭ തള്ളി. നഗരസഭ ഉദ്യോഗസ്ഥർ ഇന്ന് ഫ്ലാറ്റുകളിലെത്തി നാളെയ്ക്ക് മുമ്പ് ഫ്ലാറ്റുകൾ ഒഴിയാൻ ആവശ്യപ്പെടും. ഉടമകൾക്ക് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടി നൽകില്ലെന്ന് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ അറിയിച്ചു.  പുന:സ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകൾ നാളെ വൈകിട്ട് വിച്ഛേദിക്കുമെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ഫ്ലാറ്റുകൾ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകൾ പ്രതികരിച്ചു. പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിഞ്ഞു പോകില്ലെന്ന് ഉടമകൾ വ്യക്തമാക്കി. വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ചാലും  ഫ്ളാറ്റുകളിൽ തുടരാനാണ് തീരുമാനം. പുനരധിവാസം നൽകുമെന്ന വാക്ക് പാലിക്കാൻ കലക്ടർ തയ്യാറാകണമെന്നും താമസക്കാർ ആവശ്യപ്പെട്ടു. ഒഴിഞ്ഞുപോകാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ്  ഒക്ടോബര്‍ 10 വരെ കാലാവധി നീട്ടണമെന്ന ആവശ്യം ഫ്ലാറ്റ് ഉടമകള്‍ മുന്നോട്ട് വച്ചത്.

താമസിക്കാനായി നഗരസഭ വാടകയ്ക്ക്  എടുത്ത് നൽകിയ ഫ്ലാറ്റുകളിൽ പലതും ഒഴിവില്ലാത്തതിനാല്‍ ഒഴിഞ്ഞുപോകാൻ ഇനിയും സമയം വേണമെന്നാണ് മരടിലെ  ഫ്ലാറ്റ് ഉടമകളുടെ  ആവശ്യം. 521 ഫ്ലാറ്റുകൾ മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്കായി ജില്ലാഭരണകൂടം കണ്ടെത്തിയിരുന്നെങ്കിലും ഇവിടെ ഒഴിവില്ലെന്നും വിളിച്ച് അന്വേഷിക്കുമ്പോള്‍ ചീത്തവിളിയാണ് കിട്ടുന്നതെന്നും ഒരു വിഭാഗം ഫ്ലാറ്റ് ഉടമകള്‍ ആരോപിച്ചു.180 കുടുംബങ്ങൾക്ക് താമസ സൗകര്യം ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ പല ഫ്ലാറ്റുകളും വാങ്ങിയത് ലോണെടുത്താണെന്നും ലോണും തിരിച്ചടവും കൂടി അടയ്‍ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്ലാറ്റുടമകള്‍ പറയുന്നു. മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിഞ്ഞുപോയവര്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി ഉടമകളുമായി സംസാരിച്ച സബ് കള്കടർ സ്നേഹിൽ കുമാർ സിംഗ് മാറിത്താമസിക്കാനുള്ള ഫ്ലാറ്റുകളുടെ പുതിയ പട്ടിക തയ്യാറാക്കാൻ തഹസിൽദാറിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരം പുതിയ പട്ടിക നഗരസഭ ഉടൻ ഫ്ലാറ്റ് ഉടമകൾക്ക് നൽകുമെന്നാണ് നൽകിയിരിക്കുന്ന അറിയിപ്പ്. എല്ലാവരെയും ഒഴിപ്പിച്ച ശേഷം നഷ്ടപരിഹാരം പെട്ടെന്ന് തന്നെ കൈമാറി ഫ്ലാറ്റുകൾ പൊളിയ്ക്കാനുള്ള നടപടികൾക്കുള്ള കർമ്മപദ്ധതി തയ്യാറാണ്. 


 

click me!