ദില്ലി: മരടിലെ ഫ്ളാറ്റുകൾ പൊളിച്ചതിനെ കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നതടക്കം ഇനിയുള്ള പദ്ധതികളും അറിയിക്കും.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ളാറ്റ് സമുച്ചയങ്ങൾ സർക്കാർ പൊളിച്ചുനീക്കിയത്.
അതോടൊപ്പം ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ഫ്ലാറ്റിന്‍റെ വില അനുസരിച്ച് ഓരോ കെട്ടിടങ്ങളിലെയും ഫ്ളാറ്റുടമകൾക്ക് 25 ലക്ഷം വീതം ആദ്യഘട്ട നഷ്ടപരിഹാരം നൽകാനായിരുന്നു സുപ്രീംകോടതി നിർദേശം. ബാക്കി തുക സംബന്ധിച്ച് റിട്ട. ജസ്റ്റിസ് ബാലകൃഷ്ണൻനായർ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടും ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ കോടതി പരിശോധിക്കും.
മരടിൽ തീരദേശപരിപാലനനിയമം ലംഘിച്ച് നിർമിച്ച നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ, ഹോളിഫെയ്ത്ത് എച്ച്ടുഒ, ആൽഫാ സെറീൻ ഇരട്ട ഫ്ലാറ്റ് സമുച്ചയങ്ങൾ, ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം - എന്നിവ പൊളിച്ചുനീക്കണമെന്ന് 2019 മെയ് 8-നാണ് സുപ്രീംകോടതി ഉത്തരവിടുന്നത്. പിന്നീട് പല തവണ പുനഃപരിശോധനാഹർജികളായും തിരുത്തൽ ഹർജികളായും വിധി നടപ്പാക്കുന്നത് വൈകി. ഒടുവിൽ ക്ഷമകെട്ട കോടതി ഉത്തരവ് പാലിക്കാതിരുന്നതിനാൽ വീണ്ടും സ്വമേധയാ കേസെടുത്ത് ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി.
രൂക്ഷമായ ശകാരമാണ് അന്ന് ചീഫ് സെക്രട്ടറി ടോം ജോസിന് കോടതിയിൽ നിന്ന് കേൾക്കേണ്ടി വന്നത്. ഇതേത്തുടർന്ന് ഫ്ലാറ്റുകൾ എത്രയും പെട്ടെന്ന് പൊളിക്കുമെന്ന് ചീഫ് സെക്രട്ടറി തന്നെ നേരിട്ടെത്തി കോടതിയിൽ സത്യവാങ്മൂലം നൽകി. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ കർമപരിപാടിയും സമർപ്പിച്ചു.
ഫെബ്രുവരി 9-ാം തീയതിക്ക് അകം, ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥലം അവശിഷ്ടങ്ങളെല്ലാം നീക്കം ചെയ്ത് പൂർവസ്ഥിതിയിലാക്കുമെന്നാണ് ചീഫ് സെക്രട്ടറി കഴിഞ്ഞ ഒക്ടോബർ 25-ാം തീയതി സുപ്രീംകോടതിയെ അറിയിച്ചത്. ഏതാണ്ട് എഴുപത് ദിവസത്തിനകം സ്ഥലത്ത് നിന്ന് പൂർണമായും അവശിഷ്ടങ്ങൾ നീക്കാമെന്നാണ് പൊളിക്കൽ ചുമതലയുണ്ടായിരുന്ന എഡിഫൈസ് കമ്പനിയുടെ എംഡി ഉത്കർഷ് മേത്ത മാധ്യമങ്ങളോട് പറഞ്ഞത്. ഒരുമാസത്തിനകം സ്ഥലം പൂർവസ്ഥിതിയിലാക്കാമെന്ന റിപ്പോർട്ടിൽ നിന്ന് എന്തെങ്കിലും മാറ്റം ഇന്നുണ്ടാകുമോ എന്നത് കണ്ടറിയണം.
അതോടൊപ്പം ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം, ബിൽഡർമാർക്കുള്ള ആവലാതികൾ എന്നിവയെല്ലാം സുപ്രീംകോടതി നിർദേശിച്ച പ്രകാരം രൂപീകരിച്ച ജസ്റ്റിസ് ബാലകൃഷ്ണൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്. ഈ സമിതിയുടെ റിപ്പോർട്ട് ഇന്ന് പരിഗണിക്കുന്ന സുപ്രീംകോടതി, ഇതിൽ തീർപ്പാവാത്ത വിഷയങ്ങൾ വീണ്ടും പരിഗണിച്ചേക്കാം. ഇവ എന്തായാലും കോടതിയിൽ ഉന്നയിക്കപ്പെടാൻ സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam