മരട് ഫ്ലാറ്റ്: മാറിത്താമസിച്ച തദ്ദേശവാസിക്ക് വാഗ്ദാനം ചെയ്ത വാടക കിട്ടിയില്ലെന്ന് പരാതി

By Web TeamFirst Published Mar 3, 2020, 7:40 AM IST
Highlights

ആൽഫ സെറീൻ ഫ്ലാറ്റിൽ നിന്ന് മുപ്പത് മീറ്ററിൽ താഴെ മാത്രമാണ് അഭിലാഷിന്റെ വീട്ടിലേക്കുള്ള ദൂരം. പൊടിയും ശബ്ദവും കാരണം ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപ് അഭിലാഷ് കുടുംബത്തോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറി

കൊച്ചി: മരടിലെ ഫ്ലാറ്റ് പൊളിച്ചപ്പോൾ മാറി താമസിച്ച കുടുംബത്തിന് നൽകാമെന്നേറ്റ വാടക കിട്ടിയില്ലെന്ന് പരാതി. ആൽഫ സെറീൻ ഫ്ലാറ്റിന് സമീപം താമസിക്കുന്ന അഭിലാഷ് എൻ.ജിക്കാണ് ഫ്ലാറ്റ് പൊളിച്ചുനീക്കി അൻപത് ദിവസം കഴിഞ്ഞിട്ടും വാടക ലഭിക്കാത്തത്.

ആൽഫ സെറീൻ ഫ്ലാറ്റിൽ നിന്ന് മുപ്പത് മീറ്ററിൽ താഴെ മാത്രമാണ് അഭിലാഷിന്റെ വീട്ടിലേക്കുള്ള ദൂരം. പൊടിയും ശബ്ദവും കാരണം ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപ് അഭിലാഷ് കുടുംബത്തോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറി. വാടകത്തുക ലഭിക്കാനായി ജനുവരി നാലിന് മരട് നഗരസഭയിൽ അപേക്ഷ നൽകി. എന്നാൽ ഇതുവരെയും പണം ലഭിച്ചിട്ടില്ല. ഓട്ടോ ഓടിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്ന് മാറിത്താമസിച്ച വീടിന്റെ വാടകത്തുക കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് അഭിലാഷ്.

ഫ്ലാറ്റ് പൊളിച്ചപ്പോൾ വീടിന് കേടുപാടുണ്ടായത് മൂലം അഭിലാഷിനും കുടുംബത്തിനും തിരികെ വീട്ടിലേക്ക് താമസം മാറാനായിട്ടില്ല. മാറിത്താമസിച്ച മറ്റ് കുടുംബങ്ങൾക്ക് നഗരസഭ വിജയ് സ്റ്റീൽസ് വഴി മുൻകൂറായിത്തന്നെ വാടകത്തുക വാങ്ങി നൽകിയിരുന്നു. അപേക്ഷ നൽകാൻ വൈകിയതാണ് മറ്റ് കുടുംബങ്ങൾക്കൊപ്പം അഭിലാഷിന് തുക ലഭിക്കാഞ്ഞതെന്നാണ് നഗരസഭ അധികൃതരുടെ വാദം.

click me!