മരട് പ്രശ്നത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍: സർവകക്ഷി യോഗം വിളിച്ചു

By Web TeamFirst Published Sep 15, 2019, 12:55 PM IST
Highlights

ഫ്ലാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സർക്കാറിന്‍റെ ഇടപെടൽ. വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തില്‍ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം.

തിരുവനന്തപുരം: മരട് ഫ്ലാറ്റ് പ്രശ്നത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. മറ്റന്നാൾ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്ലാറ്റ് ഒഴിയാനായി നഗരസഭ നൽകിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സർക്കാറിന്‍റെ ഇടപെടൽ.

വിവിധ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്നത്തില്‍ തുടർ നിലപാട് സ്വീകരിക്കാനാണ് സർക്കാർ നീക്കം. സർക്കാർ സർവ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഫ്ലാറ്റിലെ താമസക്കാർക്ക് രാഷ്ട്രീയപ്പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം.

ഈമാസം 20 നകം ഫ്ലാറ്റ് പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ് നൽകിയത്. എന്നാല്‍, ഒഴിയില്ലെന്നാണ് ഫ്ലാറ്റ് ഉടമകളുടെ നിലപാട്. ഇതിനിടെ, മരട് ഫ്ലാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്തമില്ലെന്ന് അറിയിച്ചുകൊണ്ട് മരട് നഗരസഭയ്ക്ക് ഫ്ലാറ്റ് നിർമാതാക്കള്‍ കത്ത് നല്‍കി. 

ഇതിനിടെ, ഒഴിപ്പിക്കലിനെതിരായി കുടുംബങ്ങൾ ഫ്ലാറ്റുകൾക്ക് മുന്നിൽ റിലേ സത്യാഗ്രഹം തുടങ്ങി. കെട്ടിടം നിർമ്മാതാക്കൾ കൈയ്യൊഴിഞ്ഞാലും ഫ്ലാറ്റുകൾ വിട്ടുപോകില്ലെന്ന നിലപാടാണ് ഉടമകൾക്ക്. അതേസമയം, ഫ്ലാറ്റ് ഉടമകൾക്ക് പിന്തുണയുമായി ഇന്നും രാഷ്ട്രീയ നേതാക്കൾ എത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി അടക്കമുള്ളവരാണ് ഇന്ന് എത്തിയത്. കുടിയൊഴിപ്പിക്കൽ ചോദ്യം ചെയ്ത് നാളെ ഫ്ളാറ്റ് ഉടമകൾ ഹൈക്കോടതിയിയെയും സമീപിക്കും.

click me!