
തിരുവനന്തപുരം: രാജ്യത്തെ ഭാഷാഭ്രാന്തിലേക്ക് തള്ളിവിടാനുള്ള നീക്കം അപകടകരമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏതെങ്കിലും ഭാഷ അടിച്ചേല്പിക്കുന്നതിനോട് യോജിപ്പില്ലെന്നും സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീക്കളിയെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ഭാഷ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ജനങ്ങൾ വ്യാപകമായി സംസാരിക്കുന്ന ഹിന്ദി ഭാഷയ്ക്ക് അതിന് സാധിക്കുമെന്ന കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഒന്നായി നിലനിർത്താൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ചയാണ് ഹിന്ദി ഭാഷാവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തിയത്. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ട്വിറ്ററിലൂടെ ആയിരുന്നു അമിത് ഷായുടെ പരാമർശം. സർദാർ വല്ലഭായ് പട്ടേലും മഹാത്മാ ഗാന്ധിയും സ്വപ്നം കണ്ട ഒരു രാജ്യം ഒരു ഭാഷ എന്ന ലക്ഷ്യത്തിനായി ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും അമിത് ഷാ ട്വീറ്റിൽ വ്യക്തമാക്കി.
അമിത് ഷായുടെ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. വിവിധ രാഷ്ട്രീയ സംഘടനകളും നേതാക്കളും ഹിന്ദി ഭാഷാവാദത്തിനെതിരെ രംഗത്തെത്തി. അസദുദ്ദിൻ ഒവൈസി, തമിഴ്നാട് സാംസ്കാരിക മന്ത്രി കെ പാണ്ഡ്യരാജന്‍, ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ, വിസികെ അധ്യക്ഷന്‍ തോള്‍ തിരുമാവലന്‍, ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ നേതാക്കളുൾപ്പടെയുള്ളവരാണ് അമിതാ ഷായുടെ പരാമർശത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത്.
അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിലും പ്രതിഷേധം ശക്തമാണ്. അമിത് ഷായുടേത് സംഘപരിവാർ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമര്‍ശിച്ചു. ഹിന്ദി അജണ്ട പുതിയ സംഘർഷവേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്നും മറ്റ് ഭാഷകളെ പിന്തള്ളാനുള്ള നീക്കം യുദ്ധപ്രഖ്യാപനമാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഭാഷാടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വിഭജനത്തിന്റെയും വേർതിരിവിന്റെയും സംഘപരിവാർ അജണ്ടയാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും ചെന്നിത്തല വിമർശിച്ചു.
അതേസമയം, അമിത് ഷായുടെ പരാമര്‍ശത്തെ പിന്തുണച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തി. ഒരു ഭാഷ ജനങ്ങളെ ഒന്നിപ്പിക്കുമെന്ന് കേരള ഗവര്‍ണര്‍ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആരിഫ് ഖാന്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam