മരട് ഫ്ലാറ്റ് പൊളിക്കലില്‍ പുതിയ പ്രതിസന്ധി; കെട്ടിടങ്ങളുടെ വാതിലും ജനലുകളും വേണമെന്ന് ഫ്ലാറ്റുടമകൾ

By Web TeamFirst Published Nov 1, 2019, 7:54 AM IST
Highlights
  • ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ പരാതി നൽകി
  • ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പ്രത്യേക സിറ്റിംഗിൽ ജസ്റ്റിസ് കെ ബാലകൃഷ്ണണൻ നായർ കമ്മിറ്റി എടുക്കുന്ന നിലപാട് നിർണ്ണായകമാകും

കൊച്ചി: പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ പരാതി നൽകിയതോടെ മരട് ഫ്ലാറ്റ് പൊളിക്കലിൽ പുതിയ പ്രതിസന്ധി. ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനികൾ നിലപാടെടുത്തു. 

പരാതികൾ പരിശോധിക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. മരടിൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കേണ്ട പാർപ്പിട സമുച്ചയങ്ങളിലെ ജനലുകളും വാതിലും, സാനിറ്ററി ഉപകരണങ്ങളുമടക്കം പൊളിച്ച് നീക്കുന്ന ജോലികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൊളിക്കൽ ചുമതലയേറ്റ എഡിഫെയ്സ്, വിജയ സ്റ്റീൽ കമ്പനികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കരാർ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം ഇനി പൊളിക്കൽ ചുമതലയുള്ള കമ്പനികൾക്കാണ്. 325 ഫ്ലാറ്റുകളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളാണ് ഇങ്ങനെ നീക്കി തുടങ്ങിയിട്ടുള്ളത്. 

ഇതിനിടയിലാണ് ഈ സാധനങ്ങളുടെ ഉടമസ്ഥാവകാശവും തങ്ങൾക്കാണെന്ന് ചൂണ്ടികാട്ടി ഫ്ലാറ്റ് ഉടമകൾ രംഗത്ത് വന്നത്. നാല് പാർപ്പിട സമുച്ഛയിത്തിലെയും അസോസിയേഷനുകളും വ്യക്തികളുമടക്കം നിരവധിപേർ പരാതിയുമായി ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയെ സമീപിച്ചിട്ടുണ്ട്. കട്ടളയും ജനലുകളുമടക്കം പൂർണ്ണമായും നീക്കാനുള്ള സമയം നഗരസഭ അനുവദിച്ചില്ലെന്നും ഉടമകൾ പരാതിപ്പെടുന്നു.

എന്നാൽ സാധനങ്ങൾ ഇനി വിട്ട് കൊടുക്കാനാകില്ലെന്ന നിലപാടിലാണ് കരാർ കമ്പനികൾ. കഴിഞ്ഞ ഒരാഴ്ചയായി സ്വന്തം ജോലിക്കാരെ ഉപയോഗിച്ചാണ് ഇവ നീക്കുന്നത്. 2.32 കോടിരൂപയ്ക്ക് അഞ്ച് കെട്ടിടങ്ങൾ പൊളിച്ച് നീക്കാനുള്ള കാരാറിന് കമ്പനികൾ സമ്മതം അറിയിച്ചതും ഈ സാധനങ്ങൾ കൂടി കണ്ടാണ്. ഇനി ഇവയെല്ലാം ഉടമകൾക്ക് കൈമാറണം എന്ന് ആവശ്യപ്പെടുന്നത് കരാറിന്‍റെ ലംഘനമാകുമെന്നും കമ്പനികൾ പറയുന്നു. 

ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന പ്രത്യേക സിറ്റിംഗിൽ ജസ്റ്റിസ് കെ ബാലകൃഷ്ണണൻ നായർ കമ്മിറ്റി എടുക്കുന്ന നിലപാട് നിർണ്ണായകമാകും. രാവിലെ 11 മണിക്കാണ് കൊച്ചിയിൽ പ്രത്യേക സിറ്റിംഗ് നടക്കുക. 

click me!