മരട് പൊളിക്കല്‍: ഒരുക്കങ്ങളെല്ലാം പൂർത്തിയായി, ആളുകളെ ഒഴിപ്പിക്കുന്നു

By Web TeamFirst Published Jan 11, 2020, 8:13 AM IST
Highlights

ആൽഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അൽപ്പസമയത്തിനകം ഇവർ വീടുകളിൽ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകൾ എർപ്പാട് ചെയ്തിട്ടുണ്ട്

കൊച്ചി: മരടിൽ ഹോളിഫെയ്ത്ത് എച്ച്2ഒ ഫ്ലാറ്റും ആൽഫ സെറീൻ ഇരട്ട ഫ്ലാറ്റുകളും പൊളിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്. ഒൻപത് മണിക്കുള്ളിൽ ഫ്ലാറ്റിന് ചുറ്റും നിയന്ത്രിത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുമെന്നും പത്തരയോടെ ഗതാഗതം നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം എച്ച്2ഒ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്ലാറ്റിന് മുന്നിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

ആൽഫാ സെറീന് ചുറ്റുമുള്ള ജനങ്ങളെ ഒഴിപ്പിക്കാനായി പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. അൽപ്പസമയത്തിനകം ഇവർ വീടുകളിൽ കയറി പരിശോധന നടത്തും. ആളുകളെ മാറ്റാനായി ബസുകൾ എർപ്പാട് ചെയ്തിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനം  അളക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ചെന്നൈ ഐഐടിയിൽ നിന്നുള്ളവർ പറഞ്ഞു.  200 മീറ്റർ ചുറ്റളവിൽ 10 ആക്സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്‌ഥാപിച്ചു തുടങ്ങി.

രാവിലെ ആൽഫ സെറീനിൽ ഉദ്യോഗസ്ഥരെത്തി അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഡെറ്റനേറ്റർ കേബിളുകളിലേക്കുള്ള കണകഷൻ നൽകുന്നതിനായാണ് ഇവർ എത്തിയത്. വിജയ സ്റ്റീൽസ് ഉദ്യോഗസ്ഥരാണ് ഇവർ. മരട് നഗര സഭ ഓഫീസിൽ ക്രമീകരിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ നിന്നായിരിക്കും ഇന്നത്തെ സ്ഫോടനം നിയന്ത്രിക്കുക.  ഇതിന്റെ ഒരുക്കങ്ങൾ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.

മരടിലെ ഹോളിഫെയ്ത്ത് H2O ഫ്ലാറ്റ് പൊളിക്കുന്നതിൽ 100 ശതമാനം ആത്മവിശ്വാസമെന്ന് എഡിഫൈസ് എം.ഡി. ഉത്കർഷ് മേത്ത. കെട്ടിട അവശിഷ്ടങ്ങൾ ചിതറി തെറിക്കില്ലെന്നും ഉത്കർഷ് മേത്ത പറഞ്ഞു. മരടിൽ ആദ്യം പൊളിക്കുന്ന ഫ്ലാറ്റാണിത്. അവസാന വട്ട പരിശോധനക്കായി എഡിഫൈസ് പ്രതിനിധികൾ ഹോളി ഫെയ്‌ത്ത് എച്ച്2ഒയിൽ എത്തി.

തീരപരിപാലന നിയമം ലംഘിച്ച് പണിതതിനാലാണ് മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടത്. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആൽഫ സറീനും പൊളിക്കും.

click me!