മരടില്‍ കോണ്‍ഗ്രീറ്റ് മാലിന്യങ്ങള്‍ നീക്കാന്‍ പ്രത്യേക കമ്പനി; സാങ്കേതിക സമിതി യോഗം ഇന്ന്

By Web TeamFirst Published Dec 3, 2019, 8:51 AM IST
Highlights

പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിലെ കോൺക്രീറ്റ് മാലിന്യമടക്കം നീക്കം ചെയ്യാനുള്ള പ്രത്യേക കമ്പനികളെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നത്.

കൊച്ചി: കൊച്ചിയിലെ മരട് ഫ്ലാറ്റ് പൊളിക്കലിന് മുന്നോടിയായി സാങ്കേതിക സമിതിയുടെ യോഗം ഇന്ന് ചേരും. പൊളിച്ച് നീക്കുന്ന ഫ്ലാറ്റുകളിലെ കോൺക്രീറ്റ് മാലിന്യമടക്കം നീക്കം ചെയ്യാനുള്ള പ്രത്യേക കമ്പനികളെ തെരഞ്ഞെടുക്കുന്നതിനാണ് യോഗം ചേരുന്നത്. പത്തോളം കമ്പനികൾ താൽപ്പര്യപത്രം നൽകിയെങ്കിലും നാല് കമ്പനികളെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

ഈ കമ്പനികളുടെ യോഗ്യത പരിശോധിച്ച് ഒരു കമ്പനിയെ ഇന്ന് തെരഞ്ഞെടുക്കും. ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് പരിസരവാസികൾ ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ നാളെ സബ് കളക്ടർ നാട്ടുകാരുടെ യോഗവും വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആൽഫ സെറിൻ ഫ്ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടർന്ന് പരിസരത്തെ വീടിന് വിള്ളൽ വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഫ്ലാറ്റിനോട് ചേര്‍ന്ന കെട്ടിടങ്ങള്‍ പൊളിക്കുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉത്തരവിടുകയും ചെയ്തു.

അതിനിടെ മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്ലാറ്റ് നിര്‍മ്മാതാക്കളും തിരുത്തൽ ഹര്‍ജി നൽകി. ഫ്ലാറ്റ് നിര്‍മ്മാതാക്കളായ ആൽഫ വെഞ്ചേഴ്സ്, ജയിൻ ഹൗസിംഗ് എന്നിവരാണ് തിരുത്തൽ ഹര്‍ജി നൽകിയത്.

click me!