
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കുന്നതിൽ ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് മത്സ്യകൃഷി കർഷകർ പങ്കുവയ്ക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് സമീപത്തെ കായലിൽ മത്സ്യ കൃഷി നടത്തി ജീവിക്കുന്നവർ നിരവധി പേരുണ്ട്.
അഞ്ച് മാസം മുമ്പാണ് ജാക്സണും സുഹൃത്തുക്കളും ചേർന്ന് ഹോളി ഫെയ്ത്ത് ഫ്ലാറ്റിന് സമീപം മത്സ്യകൃഷി തുടങ്ങിയത്. മത്സ്യഗവേഷണ കേന്ദ്രമായ സിഎംഎഫ്ആർഐയുടെ സഹകരണത്തോടെയായിരുന്നു കൃഷി ആരംഭിച്ചത്. സിഎംഎഫ്ആർഐ തന്നെയാണ് മീൻ വളർത്താൻ അനുയോജ്യമായ സ്ഥലം കായലിൽ കണ്ടെത്തിക്കൊടുത്തത്.
മീനും വലയും മറ്റു അനുബന്ധ വസ്തുക്കൾ വാങ്ങാനുമായി എട്ട് ലക്ഷം രൂപയാണ് ചെലവഴിച്ചത്. മൂന്ന് മാസം കഴിഞ്ഞാൽ വിളവെടുപ്പിനൊരുങ്ങുമ്പോഴാണ് ഫ്ലാറ്റ് പൊളിക്കാൻ തീരുമാനിക്കുന്നത്. ഫ്ലാറ്റ് പൊളിക്കുമ്പോൾ ഉണ്ടാകുന്ന പൊടി പടലങ്ങൾ പോലും ഇത്രയും നാളത്തെ അധ്വാനം ഇല്ലാതാക്കുമെന്നാണ് കർഷകർ പറയുന്നത്.
മൂവായിരം കാളാഞ്ചിയും ആയിരം കരിമീനും ആറായിരത്തോളം സിലോപ്പിയുമാണ് ഇവരിവിടെ വളർത്തുന്നത്. വിളവെടുക്കാനായില്ലെങ്കിൽ പതിനഞ്ച് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കർഷകർ വ്യക്തമാക്കി. മാത്രമല്ല ഇനി ഇവിടെ മീൻ വളർത്താനാകുമോ എന്ന് കാര്യത്തിൽ ആശങ്കുയണ്ടെന്നും ജാക്സണും കൂട്ടരും പറഞ്ഞു.
അതേസമയം, മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം ചേരുക. ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ തുടങ്ങിയവർ യോഗത്തൽ പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്യും.
Read More:മരടിലെ ഫ്ലാറ്റ് പൊളിക്കല്‍; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം
ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചർച്ചകൾ ഉണ്ടാകും. ഫ്ലാറ്റുകളിലുണ്ടായിരുന്ന താമസക്കാർ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞു പോയ മുഴുവൻ പേരും ഇത് സംബന്ധിച്ച രേഖകൾ കൊപ്പറ്റാത്തിനാൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികതർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam