അഫീലിന്റെ ആ​രോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി; രക്തസമ്മർദ്ദം സാധാരണ നിലയിലായി

By Web TeamFirst Published Oct 6, 2019, 7:26 AM IST
Highlights

മേളയിൽ ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒന്നിച്ച് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പാല ആർഡിഒ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.  

കോട്ടയം: പാലായിൽ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റില്‍ ഹാമർ തലയിൽ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാര്‍ത്ഥിയുടെ നിലയിൽ നേരിയ പുരോ​ഗതി. കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അഫീൽ ജോൺസന്‍റെ രക്തസമ്മർദ്ദം സാധാരണ നിലയിലായതായി ഡോക്ടർമാർ അറിയിച്ചു. അഫീലിന്‍റെ അരോഗ്യനിലയെ കുറിച്ച് തിങ്കളാഴ്ച പ്രതികരിക്കാമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ഇതിനിടെ ജൂനിയർ അത്‍ലറ്റിക് മീറ്റിനിടെ അഫീലിന് പരിക്കേറ്റതിനെ കുറിച്ച് അന്വേഷിക്കാൻ കായിക വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. മേളയിൽ ഹാമർ, ജാവലിൻ ത്രോ മത്സരങ്ങൾ ഒന്നിച്ച് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് പാല ആർഡിഒ കണ്ടെത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.

Read More:ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; അന്വേഷണ സമിതിയെ നിയോഗിച്ച് കായികവകുപ്പ്

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. അത്‍ലറ്റിക് മീറ്റിലെ വളണ്ടിയറായിരുന്നു അഫീൽ ജോൺസൻ. ഗ്രൗണ്ടിൽ നിന്ന് ജാവലിനുകൾ നീക്കം ചെയ്യുന്നതിനിടെ അഫീലിന്റെ തലയിൽ ഹാമർ വന്ന് വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അഫീലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് അഫീലിന് സര്‍ക്കാര്‍ ചികിത്സ ഒരുക്കിയിരുന്നു. അഫീലിന്‍റെ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപ നൽകുമെന്ന് പാല നഗരസഭ അറിയിച്ചിട്ടുണ്ട്. ഒപ്പം ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ കലക്ടറെ ഇന്നലെ ചുമതലപ്പെടുത്തിയിരുന്നു.

Read More:സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്


 

click me!