മരട് ഫ്ലാറ്റ്: സമീപത്തെ താമസക്കാരും നഗരസഭാ അധികൃതരും ഇന്ന് മുഖ്യമന്ത്രിയെ കാണും

By Web TeamFirst Published Dec 23, 2019, 6:45 AM IST
Highlights
  • ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ ഫ്ലാറ്റുകളാണ് പൊളിക്കുക
  • വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇൻഷുറൻസ് തുക നല്‍കിയാല്‍ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്

കൊച്ചി: മരടിലെ പൊളിച്ചുനീക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരും നഗരസഭാ അധികൃതരും ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. ഇൻഷുറൻസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രേഖാമൂലമുള്ള ഉറപ്പ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇതിനിടെ ഫ്ലാറ്റുകളില്‍ നിന്നും പൊളിച്ചുമാറ്റിയ കെട്ടിട അവശിഷ്ടങ്ങൾ കരാറുകാർ ഇന്ന് മുതല്‍ നീക്കം ചെയ്യും. ജനുവരി പതിനൊന്നിനും പന്ത്രണ്ടിനുമാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ നാല് ഫ്ലാറ്റുകൾ പൊളിക്കുന്നത്.

ജനുവരി 11ന് ആൽഫ രണ്ട് ടവറുകൾ, ഹോളി ഫെയ്ത്ത് എന്നിവ പൊളിക്കും. 12 ന് ഗോൾഡൻ കായലോരം, ജയിൻ ഫ്ലാറ്റുകളാണ് പൊളിക്കുക. മൂന്നാം തീയതി മുതല്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് തുടങ്ങും. ഫ്ലാറ്റുകളിലെ തൂണുകളിലും ചുമരുകളിലും തയ്യാറാക്കിയ ദ്വാരങ്ങളിലാണ് സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുക. നാല് ഫ്ലാറ്റുകളിലെ അഞ്ച് ടവറുകളിലായി സ്ഫോടനം നടത്താൻ 1600 കിലോഗ്രാം സ്ഫോടകവസ്തുക്കളാകും ഉപയോഗിക്കുക. ഇതിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്താൻ വിദഗ്ദ്ധ സംഘം വെള്ളി, ശനി ദിവസങ്ങളിലായി മരടിലെത്തും. 

പൊളിക്കുന്നതിനുള്ള നടപടികള്‍ കൃത്യമായി പോകുമ്പോഴും സമീപവാസികള്‍ വലിയ ആശങ്കയിലാണ്. ഫ്ലാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുതുടങ്ങിയപ്പോള്‍ തന്നെ അടുത്തുള്ള പല വീടുകളിലും വിള്ളല്‍ വീണു. പൂര്‍ണ്ണമായും പൊളിച്ചുനീക്കുമ്പോള്‍ വലിയ നാശനഷ്ടമുണ്ടാകുമെന്ന പേടി ഇവര്‍ക്കുണ്ട്.  വീടുകളുടെ കാലപ്പഴക്കം കണക്കാക്കി ഇൻഷുറൻസ് തുക നല്‍കിയാല്‍ അത് കുറഞ്ഞ് പോകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്ക്. പരിഹാരമുണ്ടാക്കാമെന്ന് ജില്ലാ കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും രേഖാമൂലമുള്ള ഉറപ്പാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

click me!