Latest Videos

മരടിലെ ഫ്ലാറ്റ് പൊളിക്കൽ: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ലാറ്റുടമകൾ സങ്കട ഹർജി നൽകും

By Web TeamFirst Published Sep 12, 2019, 9:50 AM IST
Highlights

ഫ്ലാറ്റുകളിൽ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണമെന്നും സങ്കട ഹർജിയിലൂടെ അഭ്യര്‍ത്ഥിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.

കൊച്ചി: എറണാകുളം മരട് നഗരസഭയിലെ നാല് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഫ്ലാറ്റുടമകൾ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹർജി നൽകും. ഫ്ലാറ്റുകളിലെ താമസക്കാർ ഒപ്പിട്ട ഹർജി ഇ-മെയിൽ ആയി അയക്കും. ഇതോടൊപ്പം 140 എംഎൽഎമാർക്കും നിവേദനം നൽകും. ഫ്ലാറ്റുകളിൽ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും സങ്കട ഹർജിയിലൂടെ അഭ്യര്‍ത്ഥിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം. തങ്ങളായി നിയമ ലംഘനമൊന്നും നടത്തിയിട്ടില്ലെന്നും ഫ്ലാറ്റ് ഉടമകൾ.

അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് നാല് ഫ്ലാറ്റുകളിലെയും ഉടമകള്‍ക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി. നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്‌സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്ലാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്. 

അതേസമയം, മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതിനിടെ നിലവിലെ നടപടി വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സർക്കാരിന് കൈമാറി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുക.

click me!