മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍; റിട്ടുമായി ഹൈക്കോടതിയിലേക്ക്

By Web TeamFirst Published Sep 12, 2019, 6:10 AM IST
Highlights

മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ റിട്ട് നൽകാനൊരുങ്ങി ഫ്ലാറ്റുടമകൾ. മനുഷ്യാവകാശ ലംഘനം
നടക്കുന്നു എന്നാണ് വാദം.

കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ സാമാന്യ നീതിക്കെതിരാണെന്നും മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇതിനിടെ നിലവിലെ നടപടി വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി സംസ്ഥാന സർക്കാരിന് കൈമാറി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്തമുള്ളവർ തന്നെ നീതി നിഷേധം കാണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്ലാറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുക. ഫ്ലാറ്റ് ഒഴിയാൻ മതിയായ ദിവസം അനുവദിച്ചിട്ടില്ല. അഞ്ച് ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പുനരധിവാസ നടപടികളെ പറ്റി വ്യക്തതയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. ഹ‍ർജി സമ‍‍ർപ്പിക്കുന്നതിന്‍റെ ഭാഗമായി ഫ്ലാറ്റ് ഉടമകൾ തിങ്കളാഴ്ച നഗരസഭയിലെത്തി നോട്ടീസ് കൈപറ്റും. കഴിഞ്ഞ ദിവസം നഗരസഭ നോട്ടീസ് നൽകാൻ എത്തിയിരുന്നെങ്കിലും ഭൂരിഭാഗം പേരും കൈപ്പറ്റാൻ വിസമ്മതിച്ചിരുന്നു.

അതേസമയം, അഞ്ച് ദിവസത്തിനകം കുടിയൊഴിയണമെന്ന് കാട്ടി ഫ്ലാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകിയതുൾപ്പടെയുള്ള വിവരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നഗരസഭ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറി. ഫ്ലാറ്റുടമകൾ നോട്ടീസ് നേരിട്ട് കൈപറ്റാത്ത കാര്യവും ഇതിൽ സൂചിപ്പിട്ടുണ്ട്. കുടിയൊഴിപ്പിക്കലിന്‍റെ പ്രാഥമിക നടപടിയായിട്ടായിരുന്നു നോട്ടീസ് നൽകിയത്.

click me!