മരട് പുനരധിവാസം ഇങ്ങനെ: 521 ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾക്ക് വേണ്ടതെടുക്കാം, വാടക നൽകണം

Published : Sep 29, 2019, 05:39 PM IST
മരട് പുനരധിവാസം ഇങ്ങനെ: 521 ഫ്ലാറ്റുകളിൽ നിന്ന് ഉടമകൾക്ക് വേണ്ടതെടുക്കാം, വാടക നൽകണം

Synopsis

സർക്കാരിന്‍റെ പുനരധിവാസ പദ്ധതിയോട് സഹകരിക്കാമെന്ന നിലപാടിലെത്തി ഫ്ലാറ്റുടമകൾ. നിരാഹാരസമരം നിർത്തി. ഒഴിഞ്ഞുപോയിത്തുടങ്ങി.

കൊച്ചി: മരടിൽ തീരദേശസംരക്ഷണനിയമം ലംഘിച്ചതിനാൽ സുപീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകളിൽ നിന്ന് താമസക്കാർ ഒഴിഞ്ഞുപോകാൻ തുടങ്ങി. ഇവർക്കുള്ള പുനരധിവാസ പദ്ധതിയുടെ അന്തിമരൂപത്തിന് ജില്ലാ ഭരണകൂടം രൂപം നൽകിയിട്ടുണ്ട്. 521 ഫ്ലാറ്റുകൾ ഇടപ്പള്ളിയുൾപ്പടെയുള്ള മേഖലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ പട്ടിക ഫ്ലാറ്റുടമകൾക്ക് കൈമാറി. ഇത് ഫ്ലാറ്റുടമകൾക്ക് നേരിട്ട് പോയി കണ്ട് ഏത് വേണമെന്ന് തീരുമാനിച്ച് അവിടേയ്ക്ക് മാറാം. 

ഒഴിഞ്ഞുപോകുന്നതിന് സമയം നൽകണമെന്നാവശ്യപ്പെട്ട് നടത്തിയ നിരാഹാരം ഫ്ലാറ്റുടമകൾ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. ജില്ലാ കളക്ടർ എസ് സുഹാസ്, ഫ്ലാറ്റ് പൊളിക്കുന്നതിന് പ്രത്യേക ചുമതല നൽകിയിട്ടുള്ള മരട് നഗരസഭാ സെക്രട്ടറിയും ഫോർട്ട് കൊച്ചി സബ് കളക്ടറുമായ സ്നേഹിൽ കുമാർ സിംഗ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാക്കറെ എന്നിവരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഒഴിഞ്ഞുപോകാമെന്ന നിലപാടിൽ ഫ്ലാറ്റുടമകൾ എത്തിയത്. 

മൂന്നാം തീയതിയ്ക്കുള്ളിൽ തന്നെ സ്ഥലത്ത് നിന്ന് മാറാൻ ശ്രമിക്കാമെന്ന് ഫ്ലാറ്റുടമകൾ ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. മരടിലെ ഫ്ലാറ്റുകളിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി പുനഃസ്ഥാപിച്ച് നൽകിയിട്ടുണ്ട്. കുടിവെള്ളം നൽകാൻ ടാങ്കറുകളും എത്തി. 

ഒക്ടോബ‍ർ നാല് വരെ വൈദ്യുതിയും ജലവിതരണവും മുടങ്ങില്ലെന്നും ജില്ലാ ഭരണകൂടം ഫ്ലാറ്റുടമകൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. അടിയന്തര നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ഉടനെയും ബാക്കി തുകയും എത്രയും പെട്ടെന്ന് നൽകാമെന്ന ഉറപ്പ് കിട്ടിയെന്നും ഈ അടിസ്ഥാനത്തിലാണ് ഒഴിയുന്നതെന്നും ഫ്ലാറ്റുടമകൾ പറഞ്ഞു. ചർച്ചയിൽ പൂർണ തൃപ്തിയില്ലെങ്കിലും കോടതിവിധി മാനിച്ച് ഫ്ലാറ്റൊഴിയുകയാണെന്നാണ് ഇവരുടെ നിലപാട്. 

ബലമല്ല, നയം പ്രയോഗിച്ച് കുടിയൊഴിപ്പിക്കൽ
 
 ഒഴിപ്പിക്കൽ ഏത് രീതിയിൽ വേണമെന്ന് തീരുമാനിക്കാൻ നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും പ്രതിനിധികൾ കളക്ടറുടെയും പ്രത്യേക പ്രതിനിധി സ്നേഹിൽ കുമാർ സിംഗിന്‍റെയും അധ്യക്ഷതയിൽ രാവിലെ യോഗം ചേർന്നിരുന്നു. ഇതിൽ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഇന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു.

നാല് ഫ്ലാറ്റുകളിലെത്തി കുടുംബങ്ങളെ നേരിട്ട് കാണാൻ ഉദ്യോഗസ്ഥരെ വെവ്വേറെ ടീമായി നിയോഗിച്ചു. സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ് തന്നെ ഇതിന് നേതൃത്വം നൽകി.

ജെയ്ൻ കൺസ്ട്രക്ഷൻസിന്‍റെ ഫ്ലാറ്റിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകളുണ്ടായിരുന്നത്. എന്നാൽ ഇവിടെ 128 യൂണിറ്റുകളുള്ളതിൽ 20 ഫ്ലാറ്റുകൾ മാത്രമാണ് വിറ്റുപോയിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ താമസിക്കുന്നത് ഹോളി ഫെയ്‍ത്ത് എച്ച്ടുഒ ഫ്ലാറ്റിലാണ്. ഇവിടെ 98 യൂണിറ്റുകളുണ്ട്. ഇവിടെ രണ്ടരക്കോടി രൂപ വരെ കൊടുത്ത് ഫ്ലാറ്റ് വാങ്ങിയവരുണ്ട്.

ഗോൾഡൻ കായലോരം എന്ന ഫ്ലാറ്റിൽ ആകെ 48 യൂണിറ്റുകളാണുള്ളത്. ഇവിടെയുള്ളവരിൽ പലരും ഇപ്പോൾത്തന്നെ സ്വമേധയാ മറ്റിടങ്ങളിലേക്ക് ഒഴിഞ്ഞുപോയിക്കഴിഞ്ഞു. ഫ്ലാറ്റുകളിൽ നിരവധി താമസക്കാരില്ല. പക്ഷേ, വിദേശത്ത് താമസിക്കുന്നവരുൾപ്പടെ ഇവിടെ ഫ്ലാറ്റുകൾ വാങ്ങി പൂട്ടിയിട്ടിട്ടുണ്ട്. ഇവിടെ അവരുടെ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. അതിൽ സ്വർണം ഉൾപ്പടെയുണ്ട്. അവർക്ക് തിരിച്ചുവന്ന് സാധനങ്ങളെടുത്ത് തിരിച്ച് പോകാൻ സമയം വേണമെന്നാണ് ഫ്ലാറ്റുടമകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്. 

''ഒഴിഞ്ഞുപോകാൻ കൂടുതൽ സമയം വേണമെങ്കിൽ അതും പരിഗണിക്കും. ഒഴിപ്പിക്കലിനുള്ള അന്തിമതീയതി ഒക്ടോബർ 3 ആണ്. ഫ്ലാറ്റുടമകൾ സ്വയം ഒഴിഞ്ഞുപോകുകയാണെങ്കിൽ ശരി. അതല്ലെങ്കിൽ സഹായം ചെയ്ത് നൽകാം. നിയോഗിക്കപ്പെട്ട ഓരോ ടീമുകളും ഫ്ലാറ്റുടമകളെ നേരിട്ട് കണ്ട്, എത്ര ഫ്ലാറ്റുകളിൽ ഇപ്പോഴും താമസക്കാരുണ്ട്, എത്ര പേർ ഒഴിഞ്ഞുപോയി, എത്ര ഫ്ലാറ്റുകൾ വിൽക്കാതെയുണ്ട്, ഇപ്പോഴുള്ള ഫ്ലാറ്റുകളിൽ എത്ര കുടുംബങ്ങൾക്ക് സഹായം ആവശ്യമുണ്ട്, എന്തെല്ലാം സഹായങ്ങളാണ് വേണ്ടത്, എത്ര പേർ പുനരധിവാസത്തിന് അപേക്ഷ നൽകും - എന്നീ വിവരങ്ങൾ ശേഖരിക്കും'', സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. 

ജെയിൻ ഹൌസിംഗ്, ആൽഫാ വെഞ്ചേഴ്‍സ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിൽ ആണ് ഇന്ന് ഒഴിപ്പിക്കൽ നടപടികൾ നടന്നത്. ഏറ്റവും കൂടുതൽ താമസക്കാരുള്ള ഹോളി ഫെയ്‍ത്തിൽ ഇന്ന് നടപടികളുണ്ടായില്ല.

90 ദിവസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ നൽകിയിരിക്കുന്ന സത്യവാങ്മൂലം. 138 ദിവസത്തിനകം സ്ഥലത്ത് നിന്ന് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളടക്കം എടുത്തു മാറ്റണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു. ഇതനുസരിച്ച് കാര്യങ്ങൾ പെട്ടെന്ന് തന്നെ നടപ്പാക്കാൻ ത്വരിതഗതിയിലുള്ള കർമപദ്ധതിയാണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്.

Read More: സ്നേഹിൽ കുമാറിന് ഫ്ലാറ്റ് പൊളിയ്ക്കൽ ചുമതല മാത്രം, മരട് നഗരസഭാ ചുമതല മുൻ സെക്രട്ടറിക്ക്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ, പത്രം വായിക്കാത്തവൻ'; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ
'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ